ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ രണ്ടാംദിവസവും പാര്‍ലമെന്റ് തടസ്സപ്പെട്ടു. വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ 12 മണിവരെ നിര്‍ത്തിവച്ച ലോക്സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ പിരിഞ്ഞു.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. നടുത്തളത്തിലിറങ്ങിയ തൃണമൂല്‍ എം.പിമാര്‍ എഫ്ഡിഐ അനുവദിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
എന്നാല്‍ സിഎജിയെ സ്വാധീനിക്കാന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ മുരളീ മനോഹര്‍ ജോഷി ശ്രമിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി.
രാജ്യസഭയില്‍ ബിജെപിയും ഇടതു പാര്‍ട്ടികളും വിദേശനിക്ഷേപ പ്രശ്നമുയര്‍ത്തിയപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു സ്ഥാനക്കയറ്റത്തിന് പ്രത്യേകസംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സഭ സമ്മേളിച്ച ഉടന്‍ മായാവതിയാണ് സര്‍ക്കാര്‍ ജോലിക്ക് എസ്സി, എസ്ടി സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇതിനായി സംവരണ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി അംഗങ്ങള്‍ ബഹളം വച്ചു.
ഇതിനിടെ വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ എഫ്ഡിഐക്കെതിരെ പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ രാജ്യസഭ നിര്‍ത്തിവച്ചു.
രാജ്യസഭയുടെ വിഷയനിര്‍ണയ സമിതി അംഗീകരിച്ച ലോക്പാലിന്റെ കരട് ബില്ല് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു. സമിതിയംഗം ശാന്താറാം നായിക്കാണ് കരട് ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് വെച്ചത്.
അഴിമതിക്കെതിരായ ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്ന ബില്ലിനാണ് സമിതി അംഗീകാരം നല്‍കിയത്. സിബിഐ ഡയറക്ടറെയും പ്രോസിക്യൂഷന് ഡയറക്ടറെയും തെരഞ്ഞെടുക്കുന്നതിന് സ്വതന്ത്രസംവിധാനം വേണമെന്നും ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സിബിഐക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും സമിതി തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രനിയമം പാസ്സായി ഒരു കൊല്ലത്തിനകം സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമം അംഗീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വിഷയനിര്‍ണയസമിതിയുടെ ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്ത് ഭേദഗതി വരുത്തിയ ബില്ലാവും ഇനി അവതരിപ്പിക്കുക. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാരിന് ബില്ലും അവതരിപ്പിക്കാന്‍ കഴിയും.
രഹസ്യാന്വേഷണം, ആണവോര്‍ജം തുടങ്ങി ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊഴികെ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയിലുള്‍പ്പെടുത്തണമെന്നാണ് കരട് ബില്ലിലെ ശുപാര്‍ശ.
അഴിമതിക്കെതിരെ ദേശീയതലത്തില്‍ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്താനായുള്ള ബില്‍ ലോക്സഭ കഴിഞ്ഞവര്‍ഷത്തെ ശീതകാലസമ്മേളനത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ബഹളത്തില്‍ മുങ്ങിയ രാജ്യസഭയില്‍ ഇത് പാസ്സാക്കാനായില്ല. യുപിഎക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ വോട്ടെടുപ്പില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ആരോപണം ഉയരുകയും ചെയ്തു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: