കൊച്ചി: ജില്ലയിലെ മണല്‍കടവുകളില്‍ നിന്നുള്ള മണല്‍ വിതരണത്തിന് ഓണ്‍ലൈന്‍ പാസ് ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യഘട്ട സംവിധാനം ഡിസംബര്‍ മൂന്നിന് നിലവില്‍ വരും. ആദ്യഘട്ടത്തില്‍ പിറവം, മണീട് പഞ്ചായത്തുകളിലാണ് പാസ് വിതരണം സമ്പൂര്‍ണമായും ഓണ്‍ലൈനിലാക്കുന്നത്. കടവുകളുള്ള മറ്റു പഞ്ചായത്തുകളില്‍ ജനുവരിക്കകം പദ്ധതി നടപ്പാക്കുമെന്നു ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് വ്യക്തമാക്കി.
കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മണല്‍ ഖാനനവും വിതരണവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗത്തില്‍ കളക്ടര്‍ ഓണ്‍ലൈന്‍ പാസ് വിതരണം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കി.
ആദ്യഘട്ടമെന്ന നിലയില്‍ ആഴ്ചയില്‍ രണ്ടു ദിവസമേ മണലിനുള്ള അപേക്ഷ സ്വീകരിക്കൂ. അപേക്ഷിക്കുമ്പോള്‍ ബുക്കിങ് നമ്പര്‍, പേര്, വിലാസം എന്നിവ രേഖപ്പെടുത്തിയ രസീത് ലഭിക്കും. ഒരു കടവില്‍ നിന്ന് ഒരു ദിവസം വിതരണം ചെയ്യുന്ന മണലിനുള്ള പാസ് നല്‍കുന്നവരുടെ പേരുവിവരം ഓണ്‍ലൈനില്‍ ലഭിക്കും. പാസ് വാങ്ങാന്‍ വരുമ്പോഴേ കടവ്, അളവ്, തീയതി, വാഹനം എന്നിവ സംബന്ധിച്ച വിവരം അറിയാനാകൂ. വാഹനങ്ങളുടെ വാടക നിശ്ചയിക്കുന്നതിന് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്ന് കളക്ടര്‍ പറഞ്ഞു. ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ് പാസ്. വാട്ടര്‍മാര്‍ക്കും ഹോളോഗ്രാമും ഇതിന്റെ പ്രത്യേകതയായിരിക്കും. നിലവില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേതിനു സമാനമായ തരത്തിലാണ് പാസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഓരോ മാസവും അവസാന തീയതിയില്‍ മണല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട റവന്യുവരുമാനം കമ്പ്യൂട്ടറില്‍ മനസിലാക്കാനാകും. ഒരു കടവില്‍ എത്ര പേര് പാസിനായി വരുമെന്ന റിപ്പോര്‍ട്ട്, ഓരോ ദിവസവും കടവില്‍ അവശേഷിക്കുന്ന മണലിന്റെ അളവ് വിവരം എന്നിവയും അറിയാന്‍ സംവിധാനമുണ്ട്.
അപേക്ഷയില്‍ ഉപഭോക്താവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വീട് നിര്‍മിക്കുന്ന തദ്ദേശസസ്ഥാപനത്തിന്റെ പേര്, താലൂക്ക്, വില്ലേജ്, സര്‍വെ നമ്പര്‍, കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് നമ്പര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ ഉടമസ്ഥന്റെ പേര്, നിര്‍മാണത്തിനാവശ്യമുള്ള മണലിന്റെ അളവ് എന്നിവ രേഖപ്പെടുത്തണം.
ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈന്‍ പാസിനുള്ള അപേക്ഷ സ്വീകരിക്കലും പാസ് അനുവദിക്കലും ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ ഓഫീസുകളിലാണ് നടക്കുക. ഉപഭോക്താക്കള്‍ക്ക് ജില്ല വെബ്സൈറ്റില്‍ നിന്നും നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനം രണ്ടാംഘട്ടത്തില്‍ നിലവില്‍ വരും. പാസ് വിതരണം നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര കണ്ട്രോള് റൂമിന്റെ ചുമതല ജില്ല കളക്ടര്‍ക്കാണ്. കളക്ടറേറ്റിലാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: