ന്യൂദല്‍ഹി: കര്‍ശനമായ ശിക്ഷാനടപടികളോടെ പ്ലാസ്റ്റിക് നിരോധനം ഇന്നലെ മുതല്‍ ദല്‍ഹിയില്‍ നിലവില്‍വന്നു. പ്ലാസ്റ്റിക് ബാഗുകളുടെ നിര്‍മാണവും വിതരണവും ഉപയോഗവും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമ (1986)ത്തിന്റെ കീഴിലാണ് നിരോധനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും. നിരോധനം പ്രാബല്യത്തില്‍വന്നതായി ദല്‍ഹി ചീഫ് സെക്രട്ടറി പി.കെ. ത്രിപതി അറിയിച്ചു. ക്ഷണപത്രികകള്‍, ആശംസാകാര്‍ഡുകള്‍ തുടങ്ങി പ്ലാസ്റ്റിക് അടങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങളും നിരോധിച്ചിട്ടുണ്ടെന്നും ആദ്യഘട്ടത്തില്‍ ഗവണ്മെന്റ് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും പൊതിയാന്‍ ഉപയോഗിക്കുന്ന ബാഗുകളെ നിരോധനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരിസ്ഥിതിവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. നഗരഭരണവിഭാഗം, എന്‍ഡിഎംസി, പരിസ്ഥിതി വകുപ്പ്, ദല്‍ഹി മലിനീകരണ നിയന്ത്രണ കമ്മറ്റി എന്നിവരാണ് നിരോധനം നടപ്പിലാക്കുന്നത്.
സപ്തംബര്‍ 11 മുതല്‍ നിരോധനം നടപ്പിലാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്ലാസ്റ്റിക് നിര്‍മാണവും വിതരണവും ഉപയോഗവും നിര്‍ത്തുന്നതിന് നവംബര്‍ 22 വരെ സമയം അനുവദിച്ചിരുന്നു. ഈ നിയമപ്രകാരം മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും ഉള്‍പ്പെടെ ആരെയും പ്ലാസ്റ്റിക് വില്‍ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ അനുവദിക്കുന്നതല്ല.
ബയോമെഡിക്കല്‍ നിയമത്തിന്റെ കീഴിലാണ് പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മാണ വ്യവസായത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഉടന്‍തന്നെ ഉല്പാദക സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉല്പാദകര് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് പരിഗണനക്കെടുത്തില്ല. ഏതാണ്ട് 40 ന് അടുത്ത പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വാര്‍ഷിക വരുമാനം 800 കോടി മുതല്‍ 1,000 കോടിവരെയാണ്.
2009 ല്‍ ദല്‍ഹിയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിരുന്നു. ആഡംബര ഹോട്ടലുകള്‍, ആശുപത്രികള്‍, മദ്യകടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ആയിരുന്നു നിരോധനം. എന്നാല്‍ 2009 ലെ ഈ നിരോധനം വേണ്ടത്ര ഫലപ്രാപ്തിയില്‍ എത്തിയില്ല. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തി ദല്‍ഹിയില്‍ ആകമാനം നിരോധനം നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: