കെയ്റോ: ഈജിപ്തില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചു. നിലവിലെ അധികാരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ടാണ് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി പുതിയ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഈജിപ്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷം ഉള്‍പ്പെടെ മറ്റ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പുതിയ പ്രഖ്യാപനമനുസരിച്ച് ഒരു ജുഡീഷല്‍ വ്യവസ്ഥയ്ക്കും ഇപ്പോള്‍ ഭരണഘടനാ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഭരണഘടനാ നിയമസഭയെ പിരിച്ചുവിടാന്‍ കഴിയില്ല. പ്രസിഡന്റ് പുറത്തിറക്കുന്ന പ്രഖ്യാപനം അവസാനവാക്കായിരിക്കും. ഇതിനെതിരെ ആര്‍ക്കും അപ്പീല്‍ പോകാന്‍ കഴിയില്ല. ഭരണ വിപ്ലവത്തെ സംരക്ഷിക്കാന്‍ വേണ്ടി എന്തു തീരുമാനിക്കാനും പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും.
2011 ല്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ച ഉദ്യോഗസ്ഥരെ പുനര്‍വിചാരണ ചെയ്യും. അതോടൊപ്പം അബ്ദല്‍ മെഗുദ് മുഹമ്മദിനെ പ്രോസിക്യൂട്ടര്‍ ജനറല്‍ സ്ഥാനത്തു നിന്നു മാറ്റി പകരം തലാത്ത് ഇബ്രാഹിം അബ്ദുള്ളയെ നിയമിച്ചതായി പ്രസിഡന്റിന്റെ വക്താവ് യാസര്‍ അലി അറിയിച്ചു. നാലു വര്‍ഷത്തേയ്ക്കാണ് പ്രോസിക്യൂട്ടര്‍ ജനറലിന്റെ കാലാവധി.
അതേസമയം, പുതിയ ഭരണഘടനാ പ്രഖ്യാപനത്തിനെതിരെ നൊബേല്‍ ജേതാവും മുന്‍ യുഎന്‍ അറ്റോമിക് എനര്‍ജി ചീഫുമായ മുഹമ്മദ് ഇബീരദി രംഗത്തെത്തി. നിതിന്യായ വ്യവസ്ഥയ്ക്ക് മുകളില്‍ പ്രസിഡന്റ് വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമം കൊണ്ടുവന്ന് രാജ്യത്തെ എല്ലാ അധികാരങ്ങളും മുര്‍സി പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നതിലൂടെ വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാകുകയെന്നും ഇബരാദി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
2011 ല്‍ പ്രതിഷേധം നടത്തിയവരെ അടിച്ചമര്‍ത്തിയ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിലവിലെ അധികാരങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടുള്ള ഭരകണഘടനയുടെ കരട്രേഖ ഡിസംബറില്‍ അവതരിപ്പിക്കുമെന്നും മുര്‍സി ഇന്നലെ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യവും പുതിയ ഭരണഘടനാ രൂപീകരണത്തിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്. പഴയ ഭരണത്തിലെ നൂലാമാലകള്‍ അപ്പാടെ നശിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യമെന്നും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
ഈജിപ്തിലെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുതിയ പ്രഖ്യാപനത്തെ സ്വികരിച്ചെങ്കിലും മറ്റൊരു രീതിയില്‍ അവര്‍ ഇതിനെ വിമര്‍ശിക്കുകയും ചെയ്തു. നിയമവാഴ്ച്ചക്കും, ജനാധിപത്യ സംവിധാനങ്ങള്‍ക്കും പുതിയ പരിഷ്കരണങ്ങള്‍ ഭീഷണിയായിരിക്കുമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തലവന്‍ ഹേബ മോറായെഫ് കുറ്റപ്പെടുത്തി. നീതിന്യായ വ്യവസ്തക്ക് യാതൊരു പ്രാധാന്യവുമില്ലാത്ത അവസ്ഥയായിരിക്കും ഇതിലൂടെ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രനീതിന്യായ വ്യവസ്ഥ ഭാവിയില്‍ ഒരു ചോദ്യചിഹ്നമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്ത് സ്റ്റേറ്റ് കൗണ്‍സില്‍ എന്നൊരു ജഡ്ജ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് മുര്‍സി അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പിലൂടെ ആദ്യം അധികാരത്തില്‍ വന്ന മുസ്ലീം ബ്രദര്‍ഹുഡിലെ ശക്തനായ ഭകണാധികാരിയാണ് മുഹമ്മദ് മുര്‍സി. അധികാരത്തിലേറിയതുമുതല്‍ രാജ്യത്തെ ഭരണപരിഷ്കാങ്ങളിലാണ് മുര്‍സി ഉറ്റുനോക്കുന്നത്. അതിന്റെ ഭാഗമായാണ് ഭരണഘടനാ പരിഷ്കരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: