ടെല്‍ അവീവ്: എട്ട് ദിവസത്തെ രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ ഇസ്രയേലും ഗാസയിലെ ഇസ്ലാമിക തീവ്രവാദസംഘടനയും ഭരണകര്‍ത്താക്കളുമായ ഹമാസുമായി വ്യാഴാഴ്ച വെടിനിര്‍ത്തലിന് ധാരണയായി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാദ്ധ്യമായത്. യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഇസ്രായേലിനു നേരേ റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രായേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടായില്ല എന്നും റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവുകളില്‍ കൊടികള്‍ വീശിയും മറ്റും വെടി നിര്‍ത്തലിനെ സ്വാഗതം ചെയ്തു. സമാധാന ശ്രമങ്ങളുടെ ഭാഗമായ വെടിനിര്‍ത്തലിനെ തങ്ങളുടെ വിജയമായി ആഘോഷിക്കുകയാണ് പശ്ചിമേഷ്യയിലെ വിവിധ തീവ്രവാദി സംഘടനകളും ഹമാസും.
സംഘര്‍ഷത്തിന്റെ ആദ്യനാളുകളില്‍ യുഎന്‍ രക്ഷാസമിതി സമാധാന ശ്രമങ്ങള്‍ക്കായി ഈജിപ്ഷ്യന്‍ പ്രസിഡന്റിനെയാണ് സമീപിച്ചിരുന്നത്. വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ നാവിക വ്യോമാക്രമണങ്ങള്‍ നിര്‍ത്തുകയും ഹമാസ് നേതൃത്വങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഗാസ്സയിലേക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ ഊര്‍ജ്ജം പകരും. വെടിനിര്‍ത്തലിന്റെ ഭാഗമായി ഗാസയിലേക്കുള്ള ഗതാഗതവും അവശ്യവസ്തുക്കള്‍ എത്തിക്കുന്നതും അനുവദിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു.
എട്ട് നാള്‍ നീണ്ട് നിന്ന പോരാട്ടത്തില്‍ 160ഓളം പാലസ്തീന്‍കാരും ആറ് ഇസ്രായേലുകാരും കൊല്ലപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളിലുമായി ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഹമാസ് കമാന്ററെ ഇസ്രയേല്‍ വധിച്ചതാണ് സംഘര്‍ഷം ആരംഭിക്കാന്‍ കാരണമായത്. ഇസ്രയേലിനെ ലക്ഷ്യമാക്കി ഹമാസ് ഭീകരര്‍ തൊടുത്ത ഇറാന്‍ നിര്‍മ്മിത മിസെയില്‍ ഇസ്രയേലിന്റെ സാമ്പത്തിക തലസ്ഥാനമായ ടെല്‍ അവീവില്‍ പതിക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇസ്രയേലിന്റെ വ്യോമ, നാവിക ആക്രമണങ്ങളില്‍ ഗാസയില്‍ കനത്തനാശമാണുണ്ടായത്. ഇസ്രയേല്‍ ലക്ഷ്യമാക്കി ഹമാസ് തൊടുത്ത മിസെയിലുകളില്‍ ഭൂരിഭാഗവും ഇസ്രയേല്‍ നിര്‍മ്മിത മിസെയില്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: