ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ ഏക പ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയത് രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചാണെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. കോടതിയില്‍ നിന്നുള്ള നടപടിക്രമങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ് ശിക്ഷ നടപ്പാക്കിയത്. കസബിന്റെ ശിക്ഷ നടപ്പാക്കുന്ന വിവരം പാക്കിസ്ഥാന് സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും നിയമവാഴ്ച്ച തമ്മില്‍ കാര്യമായ വ്യത്യാസമില്ല, പാക്കിസ്ഥാനും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖുര്‍ഷിദ് പറഞ്ഞു.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണ്. കസബിന് നിയമപരമായ എല്ലാ പരിരക്ഷയും നല്‍കിയിരുന്നു. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനും അവസരം നല്‍കിയിരുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നതിനെക്കുറിച്ച് പാക്കിസ്ഥാനേയും കസബിന്റെ കുടുംബാഗംങ്ങളേയും അറിയിച്ചിരുന്നു. പാക്ക് ഹൈക്കമ്മീഷണറുടെ ഓഫീസിലേക്ക് ഫാക്സ് സന്ദേശം അയച്ചിരുന്നുവെങ്കിലും അവര്‍ പ്രതികരിച്ചില്ല. കുറ്റസമ്മത വേളയില്‍ കസബ് നല്കിയ വിലാസത്തില്‍ കത്തയച്ച് കുടുംബാംഗങ്ങളേയും ശിക്ഷ സംബന്ധിച്ച് അറിയിച്ച് നമ്മള് നിറവേറ്റിയെന്നും ഖുര്‍ഷിദ് പറഞ്ഞു. കസബിന്റെ ശിക്ഷ നടപ്പാക്കാനാണ് പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലികിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്ന റിപ്പോര്‍ട്ട് ഖുര്‍ഷിദ് നിഷേധിച്ചു.
കസബിന്റെ മൃതദേഹം ഏര്‍വാഡ ജയില്‍ വളപ്പില്‍ സംസ്കരിച്ചതായി അധികൃതര്‍ അറിയിച്ചു. ആചാരപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. കസബിന്റെ മൃതദേഹം ഏറ്റുവാങ്ങണെന്ന് ഇന്ത്യ പാക്കിസ്ഥാനോടു ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് ജയില്‍ വളപ്പില്‍ തന്നെ സംസ്കാരചടങ്ങുകള്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതേസമയം, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലിയാണ് കസബിന്റെ ശിക്ഷയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ആര്‍ പാട്ടീല്‍ പറഞ്ഞു. വൈകിയാണെങ്കിലും ശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിജെപി പ്രതികരിച്ചു.
2004 ഓഗസ്റ്റിലാണ് രാജ്യത്ത് ഏറ്റവുമൊടുവില്‍ വധശിക്ഷ നടപ്പാക്കിയത്. പശ്ചിമ ബംഗാളിലെ ആലിപ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ധനഞ്ജയ് ചാറ്റര്‍ജി എന്ന കുറ്റവാളിയെയാണ് തൂക്കിലേറ്റിയത്. 1995നു ശേഷം കസബിന്റെ ഉള്‍പ്പെടെ രണ്ടു വധശിക്ഷകള്‍ മാത്രമാണ് ഇന്ത്യയില്‍ നടപ്പാക്കിയിട്ടുള്ളത്. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് 26 ദയാഹര്‍ജികളാണ് തീര്‍പ്പാകാതെ കിടന്നിരുന്നത്. പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം ആദ്യം തീര്‍പ്പാക്കിയ ദയാഹര്‍ജിയായിരുന്നു കസബിന്റേത്. ഇനിയും ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ 29 ദയാഹര്‍ജികളിലാണ് തീരുമാനം എടുക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: