പൂനെ: അജ്മല്‍ കസബിന്റെ വധശിക്ഷയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും തനിക്ക് അന്ത്യാഭിലാഷമൊന്നുമില്ലെന്നാണ് അവസാനമായി കസബ് പറഞ്ഞത് .തനിക്ക് ആര്‍ക്കും വില്പത്രം നല്‍കാനില്ലെന്നും കസബ് പറഞ്ഞതായി പേരു വെളിപ്പെടുത്താത്ത ജയില്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ജയില്‍ ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കുന്ന വിവരം കസബിന്റെ കുടുംബാംഗങ്ങളെ അറിയിക്കാന്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്ന വിവരം തന്റെ അമ്മയെ അറിയിക്കണമെന്ന് കസബ് അധികൃതരോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അവസാന നാളുകളില്‍ കസബ് തികച്ചും ദു:ഖിതനായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കസബിനെ തൂക്കിക്കൊല്ലാന്‍ ആരാച്ചാര്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയിലിലുണ്ടായിരുന്ന അവസാനത്തെ ആരാച്ചാര്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതിനാല്‍ ജയില്‍ അധികൃതര്‍ തന്നെയാണ് കസബിനെ തൂക്കിലേറ്റിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കസബ് ഉള്‍പ്പെടെ പത്തു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്. 304 പേര്‍ക്കു പരിക്കേറ്റു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയില്‍വേ സ്റ്റേഷനായ സിഎസ്ടി, രാജ്യത്തെ മുന്‍നിര ഹോട്ടലുക ളായ ടാജ് മഹല്‍, ഒബ്റോയി ട്രൈഡ ന്റ്, ജൂത കേന്ദ്രമായ നരിമാന് ഹൗസ്, വിദേശികളുടെ ഇഷ്ടസ ങ്കേതമായ കൊളാബയിലെ ലിയോപോള്‍ഡ് കഫേ എന്നിവിടങ്ങളില്‍ ശക്തമായ ആക്രമണമാണ് കസബും സംഘവും അഴിച്ചുവിട്ടത്.
മരിക്കുന്നതുവരെ യുദ്ധം ചെയ്യാനാണു പാക്ക് ഭീകരനേതാക്കള്‍ കസബ് ഉള്‍പ്പെട്ട പത്തംഗ സംഘത്തിനു നിര്‍ദേശം നല്‍കിയത്. കസബ് ഉള്‍പ്പെടെ പത്തു പാക് ഭീകരരാണ് കറാച്ചിയില്‍ നിന്നു കടല്‍മാര്‍ഗം മുംബൈ യിലെത്തി ഭീകരാക്രമണം നടത്തിയത്. ഇതില്‍ ഒന്‍പതു ഭീകരരെ സുരക്ഷാസേന വധിക്കുകയും കസബിനെ ജീവനോടെ പിടികൂടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: