ന്യൂദല്‍ഹി: കൂടംകുളം ആണവനിലയ സുരക്ഷാസംവിധാനത്തില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അപകടം നേരിടാനുള്ള എല്ലാ സംവിധാനങ്ങളും നിലയം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് സജ്ജീകരിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ദുരന്തനിവാരണ പദ്ധതിയെകുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്, ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിലയത്തിന്റെ 16 കിലോമീറ്റര്‍ ചുറ്റളവിലുള്ള 40 ഗ്രാമങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
സുരക്ഷാസംവിധാനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നല്കിയ കോടതി ദുരന്തനിവാരണ സംവിധാനങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വപരമായ സമീപനം കൈക്കൊള്ളാന്‍ സംസ്ഥാനസര്ക്കാരിനോടാവശ്യപ്പെട്ട കോടതി നിര്‍ദ്ദിഷ്ട 40 ഗ്രാമങ്ങളിലും രണ്ടുവര്‍ഷത്തിലൊരിക്കല്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ആണവ വിരുദ്ധപ്രവര്ത്തകരുടെ പരാതികള്‍ പരിഗണിക്കവേ 40 ഗ്രാമങ്ങളും ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ദുരന്തനിവാരണ പദ്ധതിയുടെ അടിസ്ഥാനത്തില്‍ പൊതുജനസുരക്ഷയ്ക്കായി സ്വീകരിച്ചതും സ്വീകരിക്കാനുള്ളതുമായ നടപടികളെക്കുറിച്ച് കോടതി തമിഴ്നാട് സര്‍ക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: