പാട്ന: ഗംഗാതീരത്തുള്ള അത്ലജ്ഘട്ടിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ്കുമാര്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നടത്താനിരുന്ന അത്താഴവിരുന്ന് റദ്ദാക്കി. നവംബര്‍ 21 ന് നടത്താനിരുന്ന അത്താഴവിരുന്നാണ് റദ്ദാക്കിയതെന്ന് ജെഡിയു വക്താവ് സഞ്ജയ് സിംഗ് അറിയിച്ചു. മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി വളരെയധികം അസ്വസ്ഥനാണെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ കാരണമറിയാന്‍ അന്വേഷണത്തിന് തുടക്കം കുറിച്ചതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അമീര്‍ ശുഭാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുളയുപയോഗിച്ച് നിര്‍മ്മിച്ച പാലം തീര്‍ത്ഥാടകരുടെ ഭാരം താങ്ങാനാവാതെ തകര്‍ന്നാണ് അപകടമുണ്ടായതെന്ന് നിതീഷ്കുമാര്‍ തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്ന് നിതീഷ്കുമാര്‍ ആരോഗ്യവകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കുന്നതിനായി രാഷ്ട്രീയജനതാദള്‍ പാര്‍ട്ടി നേതാവ് ലാലുപ്രസാദ് പട്നയില്‍ എത്തും. ചാത്ത് പൂജക്കായി തിങ്കളാഴ്ച വൈകിട്ട് പാട്നയില്‍ എത്തിയവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനെട്ടോളം പേരാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: