ന്യൂദല്‍ഹി: വധശിക്ഷ നിര്‍ത്തലാക്കുന്നതിനായി യുഎന്‍ പൊതുസഭ തയ്യാറാക്കിയ പ്രമേയത്തിനെതിരെ വോട്ടു രേഖപ്പെടുത്തിയ 39 രാജ്യങ്ങളില്‍ ഇന്ത്യയും. എല്ലാ രാഷ്ട്രങ്ങള്‍ക്കും അവരവരുടെതായ പരമാധികാര അവകാശമുണ്ടെന്നും അവരുടെ നിയമസംവിധാനത്തില്‍ മറ്റുള്ളവരിടപെടരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. പൊതു സഭയുടെ മൂന്നാമത്തെ കമ്മറ്റിയിലാണ് പ്രമേയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. സാമൂഹിക മനുഷ്യാവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പ്രസ്തുത കമ്മറ്റി. നൂറ്റിപ്പത്ത് രാഷ്ട്രങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 36 പേര് വിട്ടു നിന്നു.
വധശിക്ഷ നിലനിര്‍ത്തുന്നതില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ച പ്രമേയം ശിക്ഷയില്‍ ഇളവുവരുത്തി ക്രമേണ ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. വധശിക്ഷ വിധിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നതിനോടൊപ്പം 18 വയസ്സിനു താഴെയുള്ളവരിലും ഗര്‍ഭിണികളായ സ്ത്രീകളിലും ക്യാപ്പിറ്റല്‍ പണിഷ്മെന്റ് അടിച്ചേല്‍പ്പിക്കരുതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ ഓരോ രാജ്യങ്ങള്‍ക്കും തങ്ങളുടെ നിയമ സംവിധാനത്തിനായി പരമാധികാര അവകാശമുണ്ടെന്ന് പറഞ്ഞു. ശിക്ഷ നടപ്പാക്കുന്നതില്‍ മൊറട്ടോറിയം വേണമെന്നാണ് പ്രമേയത്തില്‍ പറയുന്നതെന്നും ഈ രൂപത്തില്‍ ഇതിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ബംഗ്ലാദേശ്, ചൈന, കൊറിയ, ഇറാന്, ഇറാഖ്, ജപ്പാന്, കുവൈത്ത്, ലിബിയ, പാക്കിസ്ഥാന്, യു എസ് എന്നീ രാജ്യങ്ങളും പ്രമേയത്തിനെതിരെ വോട്ടുചെയ്തു. ഇന്ത്യയില്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് വധശിക്ഷ വിധിക്കുന്നതെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. ഇന്ത്യയിലെ നിയമസംവിധാനത്തില്‍ ഗര്‍ഭിണിയായ സ്ത്രീകളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ പ്രത്യേക വകുപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഇന്ത്യയില്‍ വധശിക്ഷ ശരിവയ്ക്കുന്നത് ഉന്നതകോടതിയാണെന്നും പ്രതിക്ക് ഉന്നത കോടതി മുതല്‍ സുപ്രീംകോടതി വരെ അപ്പീല്‍ പോകാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രമേയം എല്ലാ രണ്ടുവര്ഷത്തിനുമിടയ്ക്ക് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിക്കാറുണ്ട്. ആസ്ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഇസ്രയേല്‍, റഷ്യ, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, യുകെ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: