മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് സുരക്ഷാവീഴ്ച തുടര്‍കഥയാകുന്നു. ഞായറാഴ്ച പകല്‍ കൊച്ചികായലില്‍ യാത്രാബോട്ട് വിമാനവാഹിനികപ്പലില്‍ ഇടിച്ച സംഭവം വന്‍ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
ദക്ഷിണനാവികസേനാ ആസ്ഥാനത്ത് നങ്കൂരമിട്ട ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക വിമാനവാഹിനിയായ ഐഎന്‍എസ് വിരാടിലാണ് യാത്രാബോട്ട് ഇടിച്ചത്. കപ്പല്‍ ഗതാഗത മേഖലയില്‍ യാത്ര, ചരക്ക് കപ്പലുകള്‍ക്ക് സമീപം നിശ്ചിത അകലത്തില്‍ മാത്രമേ ഇതര ജലഗതാഗത വാഹനങ്ങള്‍ സഞ്ചരിക്കുവാന്‍ പാടുള്ളുവെന്നാണ് നിയമം. ആഴക്കടലില്പ്പോലും വന്കിടക്കപ്പലുകളുടെ സുരക്ഷയ്ക്ക് നിശ്ചിതദുരപരിധി നിയന്ത്രണങ്ങളുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സുപ്രധാന വിമാനവാഹിനിക്ക് സമീപത്ത് കൂടി യാത്രാബോട്ട് സുഗമമായി സര്‍വ്വീസ് നടത്തുവാനുണ്ടായ സാഹചര്യം വന്‍ സുരക്ഷാവീഴ്ചയുടെ ഫലമാണ്. വിമാനവാഹിനിക്കപ്പലിന് സമീപത്തേക്ക് യാത്രാബോട്ടിനെ നയിച്ച സര്‍ക്കാര്‍ ബോട്ട് ഡ്രൈവര്‍ യഥാര്‍ത്ഥത്തില്‍ വന്‍ സുരക്ഷാനിയമലംഘനം നടത്തുകയാണ് ചെയ്തതെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. നിയന്ത്രണം വിട്ട യാത്രബോട്ട് വിമാനവാഹിനിക്ക് സമീപത്തേക്ക് ഒഴുകിയെത്തുന്നത് തിരിച്ചറിയാതെ വിമാനവാഹിനിയുടെ മട്ടുപ്പാവിലുള്ള സുരക്ഷാ ഭടന്മാര് വെടിയുതിര്‍ക്കാതിരുന്നത് ബോട്ട് യാത്രക്കാരെമറ്റൊരു ദുരന്തത്തില്‍ നിന്ന് കുടിയാണ് രക്ഷിച്ചത്. തീരദേശവും, അഴിമുഖവും കടന്ന് കൊച്ചികായലിലേക്ക് എത്തുന്ന വന്കിടകപ്പലുകളുയര്ത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഇതിനകം ഏറെ വിവാദമായിക്കഴിഞ്ഞിട്ടുണ്ട്.
കൊച്ചി തുറമുഖം, കണ്ടെയ്നര്‍ ടെര്‍മിനല്‍, സിഎന്‍ജി ടെര്‍മിനല്‍, ദക്ഷിണ നാവികസേനാ ആസ്ഥാനം തുടങ്ങി നിരവധി അതിസുരക്ഷാ കേന്ദ്രങ്ങളുള്ള കൊച്ചിതുറമുഖ നഗരിയിലെ സുരക്ഷാ വീഴ്ചകള്‍ ഏറെ ചര്‍ച്ചാവിഷയമാകുകയും ചെയ്തതാണ്. ഐഎന്‍എസ് വിരാട് കൊച്ചിയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ 2011ല്‍ ഷിപ്പിയാര്‍ഡിന് സമീപത്തെ വന്‍ ഹോട്ടലില്‍ നിന്ന് കപ്പല്‍ശാലയുടെ ചിത്രമെടുത്തവരെ പിടികൂടിയ സംഭവം ഉണ്ടായിട്ടുണ്ട്. തുറമുഖത്ത് നങ്കുരമിട്ട കപ്പലില്‍നിന്ന് വന്മോഷണങ്ങളും നടന്നിട്ടുണ്ട്. കപ്പലിന്റെ പ്രൊപ്പല്ലര്‍ വരെ കാണാതായ സംഭവവും നടന്നു. ഇന്ത്യന്‍ വിമാനവാഹിനിയുടെ സമീപത്ത് പകല്‍പോലും ബോട്ടുകള്‍ എത്തുന്നത് അതീവ സുരക്ഷാ വീഴ്ച യാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായും അറിയുന്നു.
- എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: