കൊച്ചി: കൊച്ചി നഗരസഭ, കേരള സുസ്ഥിര വികസന പദ്ധതിയിലൂടെ നടപ്പാക്കുന്ന തെരുവോര കച്ചവടക്കാരുടെ പുനരധിവാസവും സുരക്ഷിത ഭക്ഷണവും പദ്ധതിയുടെ ഭാഗമായി 50 പേര്‍ക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ തട്ടുകടകളുടെ വിതരണം മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു.
നഗരത്തിലുള്ള തട്ടുകടകളെ മികച്ച രീതിയിലുള്ളതാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷമിടുന്നതെന്ന് മേയര്‍ പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി ഉള്‍പെടുത്തും. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയുട്ട് വഴി ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
എറണാകുളം, ഫോര്‍ട്ട്കൊച്ചി, വൈറ്റില, പള്ളുരുത്തി തുടങ്ങിയ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് തട്ടുകടകള്‍ തുടങ്ങുന്നത്. തട്ടുകടക്കാവശ്യമായ വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിന് സോളാര്‍ സംവിധാനം ഇതിലുണ്ട്.
കൊച്ചി നഗരസഭ ആരോഗ്യകാര്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാതിര്‍ത്തിയിലുള്ള 50 തട്ടുകടക്കാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു ഉപഭോക്താവിന് രണ്ടു ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ 50,000 രൂപ നഗരസഭ സബ്സിഡി നല്‍കും. അഞ്ച് ശതമാനം തുക ഗുണഭോക്താവിന്റെ വിഹിതവും ബാക്കി 1,40,000 രൂപ നഗരസഭയുടെ ഈടിന്മേല് ബാങ്ക് ലോണ്‍ ആയുമാണ് നല്‍കുന്നത്. ലോണ്‍ ഗുണഭോക്താവ് മൂന്ന് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. കച്ചവടക്കാര്‍ക്ക് ഫുഡ് ആന്റ് സേഫ്റ്റിയുടെ ലൈസന്‍സ് നഗരസഭ വഴി ലഭ്യമാക്കും. കൂടാതെ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, രജിസ്ട്രേഷന്, യൂണിഫോം എന്നിവയും ലഭ്യമാക്കും.
എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ടി.ജെ.വിനോദ്, സൗമിനി ജെയിന്, കെ.ജെ.സോഹന്‍, രത്നമ്മ രാജു, ആര്.ത്യാഗരാജന്, സെക്രട്ടറി അജിത് പാട്ടീല്‍, കെ.എസ്.യു.ഡി.പി പ്രൊജക്ട് മാനേജര്‍ അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: