പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ഗതാഗതപരിഷ്ക്കാരം പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി. ഏതെല്ലാം തരത്തില്‍ പരിഷ്കരിച്ചിട്ടും ഈ ടൗണില്‍ മാത്രം ഗതാഗതസംവിധാനം പൊതുജനങ്ങള്‍ക്ക് ദോഷമായി തീരുന്നതായാണ് ആക്ഷേപം. പെരുമ്പാവൂര്‍ ടൗണില്‍ ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ തീരുമാന പ്രകാരം കഴിഞ്ഞ 12 മുതല്‍ ഗതാഗതപരിഷ്ക്കാരം നിലവില്‍ വന്നതാണ്. പുതിയ പരിഷ്ക്കാരം 2003ല്‍ ഒരു തവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെയുള്ള ഗതാഗത പരിഷ്കാരം ജനങ്ങളെ ദ്രോഹിക്കാന്‍ മാത്രമാണെന്ന് പരാതി ഉയരുന്നു.
പെരുമ്പാവൂര്‍ നഗരത്തില്‍ മാത്രം നഗരവികസനം എന്നത് നടപ്പാക്കുന്നില്ല. വണ്‍വേ റോഡുകളുടെ നിര്‍മാണമോ, വികസനമോ നടക്കുന്നില്ല. പെരുമ്പാവൂര്‍ പട്ടണത്തിലെ പ്രധാന വണ്‍വേ റോഡാണ് നഗരസഭാ കാര്യാലയത്തിന് മുന്നിലൂടെ പോകുന്ന കോര്‍ട്ട് റോഡ്. ടൗണില്‍ നിന്ന് ബസുകളും ഭാരവാഹനങ്ങളും പോകുന്ന ഈ വണ്‍വേ റോഡില്‍ എതിരേ നിന്നും വരുന്ന വാഹനങ്ങളാണ് കൂടുതലെന്നും നാട്ടുകാര്‍ പറയുന്നു. എതിര്‍വശത്ത് നിന്നും ഇരട്ടിയിലധികം വാഹനങ്ങള്‍ വരുന്ന കേരളത്തിലെ തന്നെ ഏക വണ്‍വേ ഇതായിരിക്കും. എല്ലാ കവലകളിലും ട്രാഫിക് പോലീസുകാര്‍ ഉണ്ടെങ്കിലും ഇവരെല്ലാം തണല്‍ നോക്കിപോകുന്നതിനാല് ഡ്രൈവര്‍മാര്‍ തോന്നിയ പോലെ വാഹനമോടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പെരുമ്പാവൂര്‍ നഗരത്തില്‍ ഒരിടത്തും പത്തില്‍കൂടുതല്‍ വാഹനങ്ങള്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമില്ലാത്ത അവസ്ഥയാണ്. കോലഞ്ചേരി കാവാലമുതല്‍ കാലടികവല വരെയുള്ള ഭാഗത്ത് എഎം റോഡിന് തെക്ക് വശം ഫുട്പാത്ത്പോലും ഇല്ലാ എന്നതും വിചിത്രമാണ്. മിനിട്ടുകള്‍ വച്ച് പെരുകുന്ന ഓട്ടോറിക്ഷകള്‍ക്ക് ആവശ്യത്തിനുള്ള സ്റ്റാന്റുകള്‍ പെരുമ്പാവൂരില്‍ ഇല്ല. നഗരസഭാ പരിസരത്തും കോര്‍ട്ട് റോഡിലുമായി കിടക്കുന്ന പോലീസ് പിടികൂടിയ മണല്‍ ലോറികള്‍ എക്കാലത്തും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. പെരുമ്പാവൂര്‍ പോലുള്ള പട്ടണങ്ങളില്‍ ദീര്‍ഘമായ കാഴ്ചപ്പാടില്ലാതെ ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതുവഴി പൊതുജനമാണ് പെരുവഴിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: