ന്യൂദല്‍ഹി/ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ ഇന്ത്യന്‍ യുവതി മരിച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കും. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ ദേബാശിഷ് ചക്രവര്‍ത്തി ഐറിഷ് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത നടുവേദനയെത്തുടര്‍ന്നാണ് കര്‍ണാടക ബെല്‍ഗാം സ്വദേശിനി സവിതയെ (31) ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഗര്‍ഭഛിദ്രം ആവശ്യമാണെന്ന് കണ്ടെത്തി. എന്നാല്‍ അയര്‍ലണ്ട് ഒരു കത്തോലിക്കാ രാഷ്ട്രമാണെന്ന പേരില്‍ ആശുപത്രി അധികൃതര്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചു. രക്തത്തിലെ അണുബാധയെത്തുടര്‍ന്ന് ഒക്ടോബര്‍ 28 നാണ് യുവതി മരണപ്പെട്ടത്. സവിതയുടെ മരണത്തെ സംബന്ധിച്ച് ഐറിഷ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്ന രണ്ട് അന്വേഷണങ്ങളുടെ ഫലം കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഗര്‍ഭസ്ഥശിശുവിനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ അവര്‍ തന്റെ മകളെ മരണത്തിന് വിട്ടുകൊടുത്തുവെന്ന് സവിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച ഐറിഷ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുവതിയുടെ മരണം ഇന്ത്യയിലും അയര്‍ലണ്ടിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
രാഷ്ട്രീയനേതാക്കള്‍ അനുവദിക്കുമെങ്കില്‍ ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച നിയമത്തില്‍ വ്യക്തത വരുത്താനാവുമെന്ന് നോര്‍ത്ത് അയര്‍ലണ്ടിലെ പ്രമുഖ ഒബ്സ്ട്രേറ്റെഷന് പ്രൊഫ. ജിം ഡോര്നന് പറഞ്ഞു. 100 വര്‍ഷത്തോളമായി ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച് കര്‍ശനമായ നിയമമാണ് അയര്‍ലണ്ടില്‍ നിലവിലുള്ളത്. നിയമത്തെ ഭയന്നാണ് ആശുപത്രി അധികൃതര്‍ ഇതിന് തയ്യാറാകാത്തത്. ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സവിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സംഘത്തെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ വിദഗ്ധര്‍ അടങ്ങുന്നതായിരിക്കും ഈ സംഘം. അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് ഐറീഷ് ആരോഗ്യവകുപ്പ് മേധാവി ജെയിംസ് റെയ്ലി അറിയിച്ചു. രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ബുധനാഴ്ച നിയമഭേദഗതി ആവശ്യപ്പെട്ട് ഐറിഷ് പാര്‍ലമെന്റിന് മുന്നില്‍ എത്തിയത്. എന്നാല്‍ ഈ പ്രശ്നം വേണ്ടവിധം കൈകാര്യംചെയ്യുമെന്ന് ഐറിഷ് ഉപപ്രധാനമന്ത്രി ഈമണ്‍ ഗില്‍മോര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: