കൊളംബോ: ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ തമിഴ് പൗരന്മാര്ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഐക്യരാഷ്ട്രസംഘടനക്ക് വീഴ്ച്ച പറ്റിയെന്ന് യുഎന്നിന്റെ സ്വയം വിമര്‍ശനം. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. തമിഴ് ജനതയുടെ അവകാശം സംരക്ഷിക്കുന്നതില്‍ യുഎന്‍ ദൗത്യം വിമുഖതകാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ശ്രീലങ്കയിലേതെന്നും ഐക്യരാഷ്ട്ര സഭയുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിബിസിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 40000ത്തോളം പൗരന്മാരാണ് ലങ്കന്‍ സൈന്യത്തിന്റെ നടപടിയില്‍ കൊല്ലപ്പെട്ടത്. പകുതിയിലധികം പേരെയും ലങ്കന്‍ പോലീസ് ജയിലിലടച്ചു. എന്നാല്‍ പൗരന്മാരുടെ സംരക്ഷണത്തിനുവേണ്ടി കാര്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കണമെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ വീഴ്ച്ച പറ്റിയെന്ന് 2011 ഏപ്രിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഈ വീഴ്ച്ച സമഗ്രമായി അന്വേഷിക്കണമെന്ന് ശ്രീലങ്കയിലെ ഏറ്റവും വലിയ തമിഴ് രാഷ്ട്രീയ കക്ഷിയായ ദ തമിഴ് നാഷണല്‍ അലയന്‍സ് ആവശ്യപ്പെട്ടു. മൂന്ന് ദശാബ്ദ കാലം നീണ്ടു നിന്ന ആഭ്യന്തരയുദ്ധം 2009ലാണ് അവസാനിച്ചത്. തമിഴ് പൗരന്മാരെ ഒന്നടങ്കം അടിച്ചമര്‍ത്തിയാണ് ലങ്കന്‍ സൈന്യം വിജയിച്ചത്. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ യുഎന്‍ അടിമുടി പരാജയപ്പെട്ടതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണിത്. ദ തമിഴ് നാഷണല്‍ അലയന്‍സിന്റെ പാര്‍ലമെന്റംഗമായ സുമന്തിരന് പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം വേണം. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റിപ്പോര്ട്ടിന്മേലും കലാപത്തിന്റെ രൂക്ഷതയെപ്പറ്റിയും ശ്രീലങ്കന്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
എന്നാല്‍, ബാന്‍ കീ മൂണിന്റെ പരാമര്‍ശത്തെ ന്യായീകരിക്കാനാണ് യുഎന്നിലെ ഉന്നത വൃത്തങ്ങള്‍ തയ്യാറായത്. പുതിയ പ്രതിസന്ധികളെ കാര്യമായി തടയുന്നതിനും നേരിടുന്നതിനും സംഘടന തയ്യാറാകണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സിറിയയിലും മറ്റും നടക്കുന്ന ആഭ്യന്തര കലാപം ഇത്തരത്തില്‍ കൈകാര്യം ചെയ്യണമെന്നുള്ള മുന്നറിയിപ്പാണ് റിപ്പോര്‍ട്ടിലൂടെ നല്‍കിയിരിക്കുന്നതെന്നും വക്താക്കള്‍ പറഞ്ഞു.
ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് ശ്രീലങ്ക പ്രതികരിച്ചു. കലാപം ശമിപ്പിക്കുന്നതിന് യുഎന്നിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി മഹീന്ദ സമരസിംഗെ പറഞ്ഞു. ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര യുദ്ധത്തില്‍ തമിഴ് വംശജര്ക്കുനേരെയുണ്ടായ നടപടിയെ തുടര്‍ന്ന് ശ്രീലങ്കക്കെതിരെ യുഎന്‍ പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: