കൊച്ചി: കൊച്ചി മെട്രൊ റെയില്‍ റൂട്ടിലെ പ്രധാന സ്റ്റേഷനുകളില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഡീറ്റെയ്ല്ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത എട്ടു ഹെക്റ്റര്‍ ഭൂമി അധികമായി ഏറ്റെടുക്കും. ജില്ലാ ഭരണകുടം, ഡിഎംആര്‍സി, കെഎംആര്‍എല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതി സംയുക്തമായി കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥല പരിശോധന നടത്തിയ ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ അധിക ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
സ്റ്റേഷനുകളുടെ കാര്യത്തിലും അലൈന്മെന്റ് സംബന്ധിച്ചുമുള്ള അന്തിമ പഠന റിപ്പോര്‍ട്ടുകള്‍ ഡിഎംആര്‍സി കെഎംആര്‍എലിന് കൈമാറിയിരുന്നതായി കെഎംആര്‍എല്‍ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ടെര്‍മിനല്‍ സ്റ്റേഷനുകള്‍ക്കു പുറമേ കളമശേരി, ഇടപ്പള്ളി, കലൂര്‍ എന്നിവിടങ്ങളില്‍ ആവശ്യമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് അധികമായി എട്ടു ഹെക്റ്റര്‍ ഭൂമി വേണ്ടി വരുന്നത്. റോളിങ് സ്റ്റോക്ക് അറ്റകുറ്റപണിക്കായി വിഭാവനം ചെയ്യുന്ന മുട്ടം യാര്‍ഡിന് 23.605 ഹെക്റ്റര്‍ ഭൂമിയാണ് വേണ്ടത്. ആലുവ മുതല്‍ പേട്ട വരെയുള്ള 22 സ്റ്റേഷനുകള്‍ക്കു 9.3941 ഹെക്റ്റര്‍ ഭൂമിയാണ്.
മെട്രൊ റെയ്ല് നിര്‍മാണത്തില്‍ കാലതാമസം ഒഴിവാക്കാന്‍ വേഗത്തില്‍ തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് കെഎംആര്‍എല്‍ മാനെജിങ് ഡയറക്റ്റര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഇനിയുള്ളത് സ്ഥലം ഏറ്റെടുക്കലാണ്. ഇതും വേഗത്തില്‍ പൂര്‍ത്തീകരിച്ചാല്‍ നിര്‍മാണം ഉടന്‍ തന്നെ തുടങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ നിശ്ചയിച്ചിരുന്ന സ്ഥാനങ്ങളില്‍ നിന്നും സ്റ്റേഷനുകളും പാര്‍ക്കിങ്ങും സ്ഥലങ്ങളും മാറ്റി സ്ഥാപിച്ചിരുന്നു. കൊച്ചിന് യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടുകളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. ഇപ്പോഴത്തെ തീരുമാന പ്രകാരം ദേശീയ പാതയില്‍ നിന്നും 1.7 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്. റോഡിന്റെ പ്രധാനപ്പെട്ട മേഖലകളിലെ ഇരു വശത്തു നിന്നുമായിട്ടാണ് സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്നത്. മെട്രൊ റെയ്ല് നിര്‍മാണ വേളയിലും അതിനു ശേഷവും ദേശീയ പാതയില്‍ ഗതാഗത പ്രശ്നം ഒഴിവാക്കാനാണ് ഭൂമി ഏറ്റെടുത്ത് പാത വികസിപ്പിക്കുന്നത്.
നിര്‍ദിഷ്ട മെട്രൊ റെയ്ല് റൂട്ടിലെ വളവുകള്‍ നിവര്‍ത്തുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായി. 90 ഡിഗ്രി വരെയുള്ള വളവുകള്‍ 120 ഡിഗ്രിയായിട്ടാണ് നിവര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: