ചെന്നൈ: അയ്യായിരത്തോളം തമിഴരടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളെ യുഎഇ തിരിച്ചയയ്ക്കുന്നു. ഇവര്‍ അനധികൃതമായി യുഎഇയിലെത്തി വിവിധ തൊഴിലുകളിലേര്പ്പെട്ടിരിക്കുകയാണെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടുമാസത്തിനകം ഇവര്‍ക്ക് പിഴയൊന്നും കൂടാതെ നാട്ടിലേക്ക് തിരികെ പോകാനാകും. ഡിസംബര്‍ നാല് മുതല്‍ രണ്ടുമാസത്തേക്ക് മതിയായ രേഖകളില്ലാതെ യുഎഇയില്‍ തുടരുന്നവര്‍ക്ക് തിരികെ പോകാനാകും. അതിനുശേഷവും തുടരുന്നവര്‍ക്ക് ജയില്‍വാസവും പിഴയുമടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ നിന്നുമെത്തിയവര്‍ കൂടുതലും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ എം.കെ.ലോകേഷ് അബുദാബിയില്‍ പറഞ്ഞു. 2010ലെ പൊതുമാപ്പു നല്കലിന്റെ ഗുണം 40,000ത്തിലധികം ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയുള്ള തൊഴിലാളികളുടെ കണക്ക് ഇപ്പോള്‍ കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കില്ലെന്നും അയ്യായിരത്തിലധികം തമിഴര്‍ തിരികെ പോകാനുള്ള സംഘത്തിലുള്പ്പെടുമെന്നും ലോകേഷ് വ്യക്തമാക്കി.
പിഴ കൂടാതെ 2013 ഫെബ്രുവരി നാലുവരെ അനധികൃതമായി യുഎഇയില്‍ തുടരുന്ന തൊഴിലാളികള്‍ക്ക് നിയമാനുസരണം നാട്ടിലേക്ക് പോകാനാകും. ഈ തീയതി നീട്ടിനല്‍കില്ല. അഭിമാനപൂര്‍വം നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള അവസാന അവസരമാണിത്, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസിര്‍ അല്‍ അവാദി അല്‍ മെന്‍ഹാലി പറഞ്ഞു. അനുവദിക്കപ്പെട്ട കാലാവധി കഴിയും മുമ്പ് നിയമാനുസരണ രേഖകള്‍ സമ്പാദിക്കുന്നവരെ തുടരാന്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താമസരേഖകളില്‍ മാറ്റം വരുത്താനായി സമയം കഴിഞ്ഞു തുടരുന്നവര്‍ പ്രതിദിനം 25 മുതല്‍ 375 ദിര്‍ഹം വരെ പിഴയും രേഖകള്‍ തയ്യാറാക്കാനുള്ള ഫീസ് പുറമെയും നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയുടെ നടപടി സ്വാഗതം ചെയ്ത എം.കെ.ലോകേഷ് അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി മന്ത്രാലയം അടിയന്തര യോഗം ചേര്‍ന്ന് പദ്ധതി ആവിഷ്കരിക്കുമെന്ന് വ്യക്തമാക്കി. മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരോടും ഈ കാലയളവില്‍ നിര്‍ബന്ധിത സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് തിരികെ മടങ്ങാന്‍ മാത്രമായുള്ള യാത്രാ രേഖകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: