ഒരാഴ്ചയുടെ തുടക്കം നിങ്ങള്‍ക്കെങ്ങനെയാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ചയുടെ തുടക്കവും, വെള്ളിയാഴ്ചയുടെ ഒടുക്കവും എങ്ങനെയെന്നു നിരീക്ഷിച്ചാല്‍ മതി. നിങ്ങളുടെ വളര്‍ച്ച എത്രയെന്നു മനസ്സിലാക്കാന്‍! നിങ്ങള്‍ നിങ്ങളെ എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ടെന്നറിയാന് ഇതിലൂടെ കഴിയും. ചിലര്‍ കാത്തിരിക്കുന്നത് വാരാന്ത്യത്തിനായാണ്. മറ്റു ചിലര്‍ തിങ്കളാഴ്ചയ്ക്കു വേണ്ടിയും കാത്തിരിക്കുന്നു. നിങ്ങളില്‍ എത്രപേര്‍ ആദ്യത്തെ വിഭാഗത്തില്‍പ്പെടുന്നു. എത്രപേരാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്? വിദ്യയെ, തൊഴിലിനെ ആസ്വദിക്കുവാന്‍ തടസമായി നില്‍ക്കുന്നത് എന്താണ്? എന്തുകൊണ്ടാണ് ജീവിതത്തെ വിനോദമായി തോന്നാത്തത്? സ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ടാണോ? പുറത്തുനിന്നുള്ള നിര്‍ബന്ധങ്ങള്‍ നിങ്ങള്‍ക്ക് മടുപ്പുണ്ടാക്കുന്നവയാണ്. മാറ്റമുണ്ടാക്കിയാല്‍ മടുപ്പില്ലാതാകും. ദിവസവും പുതിയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക. ഒരു ദിവസം ഒരു പുതിയ ആളിനെ സുഹൃത്താക്കുക.
മനസില്‍ സൗഹാര്‍ദം നിറഞ്ഞിരിക്കുമ്പോള്‍ ചെയ്യുന്ന പ്രവൃത്തിയിലും വിജയം വരിക്കുവാന്‍ നമുക്കു കഴിയും. നമ്മുടെ ഇരിപ്പിലും സംഭാഷണത്തിലും പ്രകൃതത്തിലുമെല്ലാം സൗഹൃദമുണ്ടാകണം. തുറന്ന മനസും സ്നേഹസ്വഭാവവും എല്ലായ്പ്പോഴും നിലനിര്‍ത്തണം.
പ്രശ്നം പരിഹരിക്കാനുള്ള കഴിവ് എപ്പോഴാണുണ്ടാവുന്നതെന്നറിയാമോ? പ്രശ്നത്തെ വെല്ലുവിളിയായെടുക്കുമ്പോള് മാത്രമേ നിങ്ങള്‍ക്കതു പരിഹരിക്കാന്‍ കഴിയൂ. ഏതെങ്കിലും ഒരു കാര്യത്തെ ഒരു പ്രശ്നമായി കാണുമ്പോള്‍ നിങ്ങള്‍ പ്രശ്നത്തിന്റെ ഭാഗം മാത്രമേ ആകുന്നുള്ളൂ. ഒരിക്കലും പരിഹാരത്തിന്റെ ഭാഗമാകുന്നില്ല. എല്ലാത്തിനെയും ഒരു വെല്ലുവിളിയായെടുക്കുക അല്ലെങ്കില്‍ ഒരു സാഹസികതയായി. പര്‍വതാരോഹണമോ, ദുര്ഗമയാത്രകളോ നടത്തുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ എന്തെങ്കിലും സാഹസിക യാത്രകള്‍ ചെയ്യാറുണ്ടോ?
ഇതാണ് സാഹസികതയുടെ കാലം. ജീവിതത്തില്‍ വിനോദമുണ്ടാകണം. എന്നാലതു മറ്റൊരാളുടെ ചെലവിലാകരുത്. എന്തുവന്നാലും ഒരു ചിരിയോടെ നേരിടാനുള്ള കഴിവാണ് പ്രധാനം. നിങ്ങള്‍ക്കതിനു കഴിയുന്നുണ്ടെങ്കില്‍, ജീവിതത്തില്‍ അത്യഗാധമായ എന്തോ ഒന്ന് നിങ്ങള്‍ കൈവരിച്ചുകഴിഞ്ഞു. എല്ലാം നഷ്ടപ്പെട്ടാലും, തകര്‍ന്നടിഞ്ഞ ാലും അതു നിങ്ങളെന്ന വ്യക്തിയെ തകര്‍ക്കുന്നില്ലെങ്കില്‍, അതിനൊന്നും നിങ്ങളുടെ പുഞ്ചിരിയെ മായ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ യഥാര്‍ത്ഥ ശക്തി കൈവരിച്ചുകഴിഞ്ഞു. ഏതൊരു സാഹചര്യത്തെയും കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു ശക്തിപകരുന്നത് ചിരിയാണ്. അതുനേടാന്‍ കഴിഞ്ഞുവെങ്കില്‍, നിങ്ങള്‍ വികാസം പ്രാപിച്ചുകഴിഞ്ഞു. യഥാര്‍ത്ഥ വിദ്യാഭ്യാസം നിങ്ങള്‍ നേടിക്കഴിഞ്ഞു.
മറ്റൊന്നുകൂടിയുണ്ട്- പരസ്പരം പിന്തുണയ്ക്കലാണത്. നിങ്ങളോടൊപ്പമുള്ളവരില് കൂടുതല്‍ ദുര്‍ബലരായവരെ നിങ്ങള്‍ കൂടുതല്‍ പിന്തുണയ്ക്കണം. നിസ്സഹായാവസ്ഥയില്‍ നിങ്ങളുടെ രക്ഷയ്ക്കൊരാളെത്തുമ്പോള് നിങ്ങള്‍ക്കെങ്ങനെയാണ് അനുഭവപ്പെടാറുള്ളത്? ശക്തരായവര്‍ നിങ്ങളെ പിന്തുണയ്ക്കുമ്പോള്‍, നിങ്ങളെ സുഹൃത്താക്കുമ്പോള്‍, സ്വന്തം ദൗര്‍ബല്യം നിങ്ങള്‍ മറന്നുപോകും. അപ്പോള്‍ നിങ്ങള്‍ക്കു ശക്തി അനുഭവപ്പെടും. അതുപോലെ നിങ്ങളെക്കാള്‍ ശക്തികുറഞ്ഞ മറ്റൊരാള്‍ക്ക് സഹായമാവശ്യമുള്ളപ്പോള്‍, അത് പകര്‍ന്നു നല്കാന് നിങ്ങള്‍ക്കും കഴിയണം. ഇവിടെ സഹതാപവും, അനുകമ്പയും ആര്‍ക്കും ആവശ്യമില്ല. എല്ലാവര്ക്കും സൗഹൃദമാണ് ആവശ്യം.
ഇക്കാര്യങ്ങളെല്ലാം മനസില്‍ ഓര്മിച്ചുവയ്ക്കുക. നിങ്ങളുടെ ജീവിതത്തെ ഇതെത്ര സമ്പന്നമാക്കുമെന്ന് അനുഭവിച്ചറിയൂ. എല്ലാവര്ക്കും പരസ്പര അടുപ്പമുണ്ടാകണം. അത് അകമെനിന്നും വരണം. നിങ്ങളുടെ സഹപാഠികളോടും അധ്യാപകരോടും മേലുദ്യോഗസ്ഥരോടും, ഏതു പ്രായക്കാരും, ഏതു സാംസ്കാരത്തില്‍ നിന്നുവന്നവരും നമ്മുടെ സ്വന്തമാണ്. ഈ രീതിയിലാണ് നിങ്ങളുടെ ഹൃദയം വികാസം പ്രാപിക്കുന്നത്, പുഷ്പംപോലെ അത് വിടരുന്നത്. ഇതെക്കുറിച്ച് ആലോചിക്കൂ.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: