കൊച്ചി: നഗരവീഥികളെ വര്‍ണാഭമാക്കി അയ്യായിരത്തോളം കുട്ടികള്‍ പങ്കെടുത്ത ശിശുദിന റാലി ശ്രദ്ധേയമായി. വര്‍ണരാജി തീര്‍ത്ത ഘോഷയാത്രയില്‍ ചാച്ചാജിയും കുരുന്നുകളും അണിനിരന്നപ്പോള്‍ രാജേന്ദ്ര മൈതാനി മുതല്‍ കുട്ടികളുടെ പാര്‍ക്ക് വരെയുളള റോഡ് കുട്ടികളുടെ ഉദ്യാനമായി. കുട്ടികളുടെ പാര്‍ക്കില്‍ നിന്ന് പരിശീലനം നേടി ജില്ലാതല സ്കേറ്റിംഗില്‍ വിജയികളായ കുട്ടിതാരങ്ങളുടെ ആകര്‍ഷകമായ സ്കേറ്റിങ് അകമ്പടിയോടെയാണ് ചാച്ചാജിയുടെ തുറന്നജീപ്പ് സഞ്ചരിച്ചത്.
ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച വര്‍ണാഭമായ റാലി ഹൈബി ഈഡന് എംഎല്‍എ രാജേന്ദ്രമൈതാന പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്തു. റാലി തുടങ്ങുന്നതിന് മുമ്പായി രാജേന്ദ്രമൈതാനിക്കടുത്തുളള ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. വൈകിട്ട് മൂന്നിന് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നിന്നുമാരംഭിച്ച റാലി ഡിഎച്ച്റോഡ്, കളക്ടറുടെ ക്യാമ്പ് ഓഫീസ്, ഐഎംഎ റോഡ്, ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡ് വഴിയാണ് സമ്മേളന നഗരിയായ കുട്ടികളുടെ പാര്‍ക്കില്‍ എത്തിയത്.
ഘോഷയാത്രയില്‍ ചാച്ചാജി തുറന്ന ജീപ്പ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നാലെ ബാന്റുമേളത്തിന്റെ അകമ്പടിയോടെ കുരുന്നുകള്‍ നടന്നു നീങ്ങിയപ്പോള്‍ നഗരം ബഹുവര്ണങ്ങളില് ലയിച്ചു. നഗത്തിലെ 49 സ്കൂളുകളില്‍ നിന്നുള്ള അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ വിവിധ വേഷവിധാനങ്ങളുമായി റാലിയില്‍ അണിനിരന്നത് കണ്ടുനിന്നവരില്‍ കൗതുകമുണര്‍ത്തി. എറണാകുളം എല്‍എംസിസി എല്‍പി സ്കൂളില്‍ നിന്നും എത്തിയ കുട്ടികള്‍ കുട്ടിച്ചെണ്ടകളുമായി ശിങ്കാരി മേളത്തിലൂടെ ജനങ്ങളെ കയ്യിലെടുത്തു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യുപിവിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥി എം.എന്‍.രോഷ്ണയാണ് ചാച്ചാജിയുടെ വേഷമണിഞ്ഞത്. സമാപന സമ്മേളനത്തോടനുബന്ധിച്ച് രാജഗിരി ഒട്ട്റീച്ച് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ ചെയില്‍ഡ് ലൈനുമായി ചേര്‍ന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനെതിരെ മൈം അവതരിപ്പിച്ചു.
കുട്ടികളുടെ പാര്‍ക്കില്‍ ചേര്‍ന്ന സമാപന സമ്മേളത്തില്‍ എം.എന്‍.രോഷ്ണ അധ്യക്ഷത വഹിച്ചു. എല്‍പി വിഭാഗം പ്രസംഗ മത്സരത്തില്‍ വിജയിയായ ദേവിക രാജേഷ് സ്വാഗതം പറഞ്ഞു. ഹൈബി ഈഡന് എംഎല്‍എ ശിശുദിന സന്ദേശം നല്കി. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിപിസിഎല്‍ ചീഫ് മാനേജര്‍ ജോര്‍ജ്ജ് തോമസ്, ജില്ലാ വിദ്യാഭ്യാസഓഫീസര്‍ സി.രാഘവന്, എഇഒ ആര്.ശ്രീകല എന്നിവര്‍ ആശംസ നേര്‍ന്നു. വടുതല സെന്റ് പീറ്റേഴ്സ് എല്‍പിസ്കൂള്‍ വിദ്യാര്‍ഥി അതുല്യ രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: