കൊച്ചി: ടിപ്പര്‍ ലോറി സമരവുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ ക്യാമ്പില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. ഇന്നലെ നടന്ന യോഗത്തിന്റെ മിനുട്സ് ലഭിച്ച് പരിശോധിച്ച ശേഷം ഈ മാസം 14ന് ചേരുന്ന ടിപ്പര്‍ ആന്റ് എര്‍ത്ത് മൂവേഴ്സ് സംയുക്ത സമര സമിതി യോഗത്തില്‍ സമരം തുടരണമോ എന്ന് തീരുമാനിക്കുമെന്ന് സമര സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
സമരം പിന്‍വലിക്കുന്നതിന് പ്രധാനമായും പത്തിന ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ട് വെച്ചത്. ടിപ്പര്‍ ലോറികള്‍ക്ക് റൂട്ട് പെര്‍മിറ്റ് നടപ്പിലാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ജില്ല കളക്ടര്‍ അംഗീകരിച്ചു. മണ്ണ് എടുക്കുന്ന സ്ഥലവും കൊണ്ടു പോകുന്ന സ്ഥലവും പാസില്‍ ഉള്കൊള്ളിക്കണമെന്ന വ്യവസ്ഥയ്ക്ക് പകരം എടുക്കുന്ന സ്ഥലം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്ന് കളകടര്‍ പറഞ്ഞു. 50 സെന്റ് വരെയുള്ള ഭൂമിയില്‍ നിന്നും മണ്ണ് എടുക്കുന്നതിന് അനുവാദം നല്‍കാനുള്ള ചുമതല അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കും. 50 സെന്റിനു മുകളില്‍ വരുന്ന ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നതിന് ജില്ല കളക്ടറുടെ അനുമതി വേണം. നിലവിലുള്ള പെര്‍മിറ്റുകള്‍ പരമാവധി ഒരാഴ്ചയ്ക്കകം പുതുക്കി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
50 സെന്റിനു മേലുള്ള സ്ഥലങ്ങളില്‍ നിന്ന് മണ്ണ് എടുക്കുന്നതിനും കൊണ്ടു പോകുന്നതിനുമുള്ള പാസ് സമ്പ്രദായം ഏര്‍പെടുത്തുന്നതിനും മറ്റുമായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കും. അതേ സമയം സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ ലോഡുമായി പോകുന്നതിനുള്ള നിലവിലെ നിയന്ത്രണം തുടരും. സ്കൂള്‍ അവധി ദിവസങ്ങളില്‍ നിയന്ത്രണമുണ്ടാകില്ല. സമര സമിതി നിര്‍ദേശിക്കുന്ന ചില സ്ഥലങ്ങളിലൂടെ എല്ലാ സമയവും ലോഡ് കൊണ്ടു പോകുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യത്തിന്മേല് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, സമര സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. വാഹനങ്ങളില്‍ കൊണ്ടു പോകുന്ന ഭാരം നിശ്ചിത അളവില്‍ കൂടാന്‍ പാടില്ലെന്ന നിയമം വിവേചനം കൂടാതെ പരിശോധിച്ച് നടപടിയെടുക്കും. രാത്രി കാലങ്ങളില്‍ മണ്ണ് കൊണ്ടു പോകുന്നതിന് പ്രത്യേക അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ മറ്റു ലോഡുകള്‍ കൊണ്ടു പോകുന്നതിന് തടസമില്ലെന്നും കളക്ടര്‍ പറഞ്ഞു.
അന്യാമായി ടിപ്പര്‍ ലോറികള്‍ പിടിച്ചെടുക്കുന്നെന്ന ഉടമകളുടെ പരാതി പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. നിയമാനുസൃതമായി ഓടുന്ന ടിപ്പറുകള്‍ പിടികൂടുന്നത് ശരിയല്ലെന്ന് സംയുക്ത സമര സമിതി അംഗങ്ങള്‍ പറഞ്ഞു. മൈനിങ് സംബന്ധമായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മൂന്ന് ദിവസത്തിനകം ഉടമകള്‍ക്ക് നിട്ടുനല്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യോഗത്തില്‍ സമരം പിന്‍വലിക്കുന്നത് തീരുമാനമായില്ല. ഔദ്യോഗികമായി ലഭിക്കുന്ന യോഗ തീരുമാനത്തിന്റെ രേഖ പരിശോധിച്ച് ഈ മാസം 14ന് സമരവുമായി ബന്ധപ്പെട്ട തീരുമാനം കൈകൊള്ളുമെന്ന് സമര സമിതി അംഗങ്ങള്‍ അറിയിച്ചു.
യോഗത്തില്‍ അസി.പോലീസ് കമ്മീഷണര്‍ ഗോപാലകൃഷ്ണ പിള്ള, മൂവാറ്റുപുഴ ആര്.ഡി.ഒ എസ്.ഷാനവാസ്, എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ വി.ഡി.മുഹമ്മദ് ബഷീര്‍, ആര്.ടി.ഒ ബി.ജെ.ആന്റണി, ടിപ്പര്‍ ആന്റ് എര്‍ത്ത് മൂവേഴ്സ് സമര സമിതി ജില്ല കണ്‍വീനര്‍ പി.എം.കൊച്ചുണ്ണി, രക്ഷാധികാരി തോപ്പില്‍ അബു, ചെയര്മാന് സി.വി.ഐസക്, മറ്റു സമര സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: