തിരുവനന്തപുരം: ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പശ്ചിമഘട്ടം ആശയമാക്കി തയാറാക്കിയ കേരള പവലിയനില്‍ സന്ദര്‍ശകരുടെ പ്രവാഹം. യുനെസ്കോ ഏറ്റവുമവസാനം ലോക പൈതൃകസ്ഥാനങ്ങളിലൊന്നായി അംഗീകരിച്ച പശ്ചിമഘട്ടത്തെ ആസ്പദമാക്കിയാണ് പവിലിയന് തയ്യാറാക്കിയത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും മികച്ച വാണിജ്യമേളയായ ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരള പവലിയന് സന്ദര്‍ശകരെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. നവംബര്‍ അഞ്ചിന് തുടങ്ങിയ മേള കഴിഞ്ഞദിവസം സമാപിച്ചു.
ഡബ്ല്യു.ടി.എമ്മിലേയ്ക്കുള്ള കേരള സംഘത്തെ ഇത്തവണ നയിച്ചത് സംസ്ഥാന ടൂറിസം സെക്രട്ടറി സുമന് ബില്ലയായിരുന്നു. സുഖവാസകേന്ദ്രങ്ങളെയും ഹോട്ടലുകളെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പ്രതിനിധീകരിച്ച് സംസ്ഥാനത്തുനിന്ന് 16 പേരും മേളയില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം കായലുകളെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പവലിയനും ഡബ്ല്യു.ടി.എമ്മില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയെടുത്തിരുന്നു. സംരക്ഷിത സ്വാഭാവിക പൈതൃകകേന്ദ്രമായി യുനെസ്കോ അംഗീകാരം നേടിയ പശ്ചിമഘട്ടത്തില്‍ വംശനാശ ഭീഷണി നേരിടുന്ന 325 ഇനം സസ്യജാലങ്ങളും പക്ഷിമൃഗാദികളും ഉരഗങ്ങളും മത്സ്യങ്ങളുമുള്ളതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍നിന്ന് മേളയ്ക്കെത്തിയത് ആബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, കാര്ണൂസ്റ്റി ബീച്ച് റിസോര്‍ട്ട് ആന്‍ഡ് ആയുര്‍വേദ സ്പാ, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ജയശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ജോയ്സ് റിസോര്‍ട്സ് ആന്‍ഡ് ഹോട്ടല്‍സ്, ലേക് പാലസ് റിസോര്‍ട്സ്, ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍, ലേക്സോംഗ് റിസോര്‍ട്ട്, പെപ്പര്‍ ടൂര്‍സ്, റമദ റിസോര്‍ട്ട്, സ്പൈസ് ലാന്‍ഡ് ഹോളിഡെയ്സ്, ദ റാവിസ്, തോമസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, ഉദയസമുദ്ര ലീഷര്‍ ബീച്ച് ഹോട്ടല്‍ ആന്‍ഡ് സ്പാ, വസുന്ധര സരോവര്‍ പ്രീമിയര്‍ എന്നിവയായിരുന്നു.
കേരളത്തിന്റെ ശാന്തമായ ഗ്രാമങ്ങളും അസ്പൃശ്യമായ ബീച്ചുകളും പ്രൗഢമായ മലയോരങ്ങളും ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രസിദ്ധമാണ്. കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ ടൂറിസം വിപണികളിലൊന്നാണ് ബ്രിട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: