എസ്.എന്‍.ഡി.പി. യോഗത്തിന്റെ അനവധി വാര്‍ഷിക യോഗങ്ങളില്‍ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ഒരുവനാണ് ഞാന്‍. അടുത്തകാലത്ത് സന്ദര്‍ഭവൈപരീത്യം നിമിത്തം ഞാന്‍ എസ്.എന്‍.ഡി.പി. യോഗങ്ങളില്‍ ഹാജരാകാറില്ല. അതിന് ഒരു മാറ്റം വന്ന് അന്തരീക്ഷം തെളിഞ്ഞകാലമാണ് ഇപ്പോള്‍. വീണ്ടും നിങ്ങളുടെ മുമ്പില്‍ വന്നുനില്ക്കുന്ന കൃത്യം ചങ്ങനാശേരിയില്വച്ച് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിശേഷിച്ച് തന്റെ ജന്മംകൊണ്ട് ചങ്ങനാശേരിക്ക് കൂടുതല്‍ മഹിമ ഉണ്ടാക്കിയിട്ടുള്ള ഇന്നത്തെ അധ്യക്ഷന്റെ അധ്യക്ഷതയില്‍ കൂടുന്ന ഹൈന്ദവ യോഗത്തിലായതുകൊണ്ട് അധികം സന്തോഷമുണ്ട്.
ഹിന്ദുസമുദായത്തിലെ വിവിധ ഭാഗങ്ങളുടെ ഒന്നാകെയുള്ള ഘടനയ്ക്ക് പ്രാരംഭമായി നായരീഴവമൈത്രി ഉണ്ടാക്കണമെന്ന് വിചാരിച്ച് വളരെക്കാലത്തിന് മുന്‍പ് തന്നെ ഞാനും മി. ടി.കെ.മാധവനും യോജിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള കാര്യം നിങ്ങള്‍ക്കെല്ലാം അറിയാം. നായരീഴവ സംഘടനയെന്ന് പറഞ്ഞാല്‍ ഹിന്ദുസമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സംഘടനയെന്നാണ് അര്ത്ഥമാക്കിയിട്ടുള്ളത്. ഈ രണ്ടു സമുദായങ്ങളുടെയും യോജിപ്പിന് അവയുടെ പ്രാതിനിധ്യം വഹിക്കുന്ന എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുക എന്നൊരു മാര്‍ഗമേ നമ്മുടെ മുമ്പാകെ കാണുന്നുള്ളൂ. ഈ അടുത്തകാലത്ത് യോജിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യം വന്നപ്പോള്‍ രണ്ടു സംഘടനകളും ആ വിധം പ്രവര്‍ത്തിച്ചു.
നമ്മുടെ സംഘടനകള്‍ക്കെല്ലാം ചില ന്യൂനതകള്‍ ഉണ്ടായിരിക്കും. ആളുകള്‍ തമ്മില്‍ അഭിപ്രായഭേദവും കണ്ടേക്കും. സ്ഥാപനങ്ങളുടെ ഭരണകൈവശത്തിനുവേണ്ടി ഒരു വടംപിടിത്തത്തിനുള്ള ആശയവും ഉണ്ടായെന്നുവരാം. എന്നാല്‍ അവയെല്ലാം ഇപ്പോള്‍ വിസ്മരിക്കേണ്ട സന്ദര്‍ഭമാണ്. നമ്മുടെ സംഘടനകളും സമുദായങ്ങളും തമ്മില്‍ യോജിച്ച് ഒരു ഹൈന്ദവ ശക്തി രൂപീകരിക്കേണ്ടതാണ് നമ്മുടെ ഇന്നത്തെ കര്‍ത്തവ്യം. നമ്മുടെ ജാതിനാമങ്ങളെല്ലാം മാറ്റി നാം ശുദ്ധഹിന്ദുക്കളായിത്തീരാന് യോജിച്ച് പലതും ചെയ്യാനുണ്ട്. നാം എത്ര തന്നെ വിശാലമനസ്കരായാലും ജാതി ഉള്ളിടത്തോളം കാലം അതില്‍ ജനിച്ച് അതില്‍ വളര്‍ന്ന നമ്മുടെയുള്ളില്‍ അതിന്റെ ഛായ അല്പമെങ്കിലും ഉണ്ടാകാതിരിക്കുകയില്ല. ജാതി അടുത്തതലമുറയിലെങ്കിലും തീരെയില്ലാതാവാന് എന്താണ് മാര്‍ഗമെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ലോകം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മതതത്ത്വങ്ങളും ആദര്‍ശങ്ങളും മാഞ്ഞുപോകാതെ ഹിന്ദുക്കളായി തന്നെ ഈ രാജ്യത്ത് താമസിക്കണമെങ്കില്‍ – നമ്മുടെ കുഞ്ഞുങ്ങള്‍ ഹിന്ദുക്കളായിത്തന്നെ വളരണമെങ്കില്‍, ഈ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറിയകൂറും നമ്മുടെ കൈവശം ഇരിക്കണം. വലിയ ഒരു വിദ്യാഭ്യാസ പരിഷ്കാരം ഉടനെ നടപ്പില്‍ വരും. വീതപ്രകാരമുള്ള സ്ഥാപനങ്ങളെങ്കിലും നമ്മുടെ അധീനതയില്‍ ഉണ്ടായിരിക്കേണ്ടേ? അതിന് യോജിച്ച് കാലേക്കൂട്ടി ശ്രമിച്ചില്ലെങ്കില്‍ അന്ന് നാം വെള്ളത്തിലാകും. പ്രാഥമിക പാഠശാലയുടെ കാര്യത്തിലാണ് പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടത്. മുപ്പത്തഞ്ചുലക്ഷത്തോളമുള്ള ഹിന്ദുക്കള്‍ക്ക് കുറഞ്ഞത് ഒരു നാലു കോളേജ് എങ്കിലും ആവശ്യമില്ലേ? നമുക്കെന്തുണ്ട്? കുറെ തമ്മില്‍തല്ലും കുറ്റം പറച്ചിലും.
മന്നത്തുപദ്മനാഭന്‍
(1120 ധനുമാസത്തില്‍ ചങ്ങനാശേരിയില്‍ നടന്ന
എസ്എന്‍ഡിപി യോഗത്തിലെ പ്രസംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: