ചവറ: സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ എംപ്ലോയ്മെന്റ് സെന്ററുകളാക്കി മാറ്റുമെന്ന് തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു.
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ചവറ ബിജെഎം കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യസ വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയ അസാപ് മാതൃകയില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ സ്കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം നടപ്പിലാക്കും.
കൊല്ലം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ എംപ്ലോയ്മെന്റുകളാണ് തുടക്കത്തില്‍ തൊഴില്‍ സെന്ററുകളാക്കുക. ഇവിടെ പേര് രജിസ്റ്റര്‍ ചെയ്യുന്നവരുടെ അഭിരുചി അനുസരിച്ച് പരിശീലനം നല്‍കും. കൂടുതല്‍ പരിശീലനം വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും നല്‍കും.
ചവറയില്‍ കണ്‍സ്ട്രക്ഷന്‍ അക്കാദമി ഉടന്‍ ആരംഭിക്കും. എല്ലാ തൊഴില്‍ മേഖലകളിലുമുള്ള തൊഴിലവസരങ്ങള്‍ക്ക് പ്രാപ്തരായ തൊഴിലാളികളെ സൃഷ്ടിക്കുന്ന വിധമായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുക.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ജി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി. സുധീഷ്കുമാര്‍, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ചവറ ഹരീഷ്കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍.കെ, പ്രൊഫ. ബീനാ തോമസ്, രഘുനാഥന് പിള്ള, സെഷു മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസാപ് പ്രോഗ്രാം മാനേജര്‍ ഷോബിദാസ് ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ പ്രൊഫ.ടി.സി. റ്റൈറ്റസ് സ്വാഗതവും അസാപ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി. അനില്‍ പ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: