ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അതിനോടനുബന്ധിച്ച് മറ്റ് പല കാര്യങ്ങളും ചിന്തിക്കുന്നുണ്ട്. ദൂരെയുള്ള ദൃശ്യരൂപത്തെ അറിയുന്നതിനാല്‍ മനസിന് വ്യാപകത്വം ഉണ്ടാകാതെ തരമില്ല. ഞാന്‍ ഒരു കാര്യം പറയുമ്പോള്‍ ആ സമയത്തുതന്നെ പറയുന്നത് ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വാക്കുകളുടെ ക്രമം, അര്‍ത്ഥം, വാക്യഘടന, വിഷയബന്ധം, ആശയപ്പൊരുത്തം എന്നിവയെല്ലാം ചിന്തിച്ചിരിക്കണം. ഇതെല്ലാം ഒരേ സമയത്താണ് സംഭവിക്കുന്നത്. അവിടെ പറയുന്നു എന്നു മാത്രമല്ല, ആ വാക്കുകളെ മനസ് മാറി നിന്നറിയുന്നുമുണ്ട്. ഞാന്‍ പറയുന്ന വാക്കുകള്‍ മറ്റൊരാള്‍ കേള്‍ക്കുന്നതോടൊപ്പം തന്നെ, അയാളുടെ മനോനിലയിലേക്ക് എന്റെ മനസ് വ്യാപിക്കുന്നുമുണ്ട്. കേള്‍ക്കുമ്പോള്‍ അത് മനസിലാകുന്നുണ്ടോ, ഉള്‍ക്കൊള്ളുന്നുണ്ടോ എന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അതുപോലെതന്നെ അത് ഗുണകരമായ രീതിയിലായിരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നുമുണ്ട്. എന്റെ വാക്കുകളെ ഞാനും കേള്‍ക്കുന്നുണ്ട്. ഞാന്‍ കേള്‍ക്കുന്നു എന്നു പറയുമ്പോള്‍ എന്നില്‍ വേറൊരാളിരുന്ന് കേള്‍ക്കുന്നുണ്ടോ. ഇല്ല വാക്കുകള്‍ എന്റേതു തന്നെയല്ലേ. എന്റെ വാക്കുകളെ ഞാന്‍ കേള്‍ക്കണമെങ്കില്‍ എല്ലാ വിഷയങ്ങള്‍ക്കും സാക്ഷിയായിരിക്കുന്ന ഒരു ചേതനയുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കണം.
അനുഭവിച്ച ഒരു കാര്യത്തെപ്പറ്റിയാണല്ലോ നമ്മള് പറയുന്നത്. റോസിന്റെ നിറവും ഭംഗിയുമൊക്കെ കണ്ടനുഭവിച്ചതുപോലെതന്നെ പറയാന്‍ നാം ശ്രമിക്കും. മുമ്പുണ്ടായ അനുഭവത്തിന്റെ സ്മരണകളെ അതിന്റെ മാധുര്യം കൂടി കലര്‍ത്തിയാണ് നാം പറയുന്നത് അനുഭവിച്ച സമയത്ത് തനിക്കുണ്ടായ സുഖാനുഭവത്തെ ആ മനോഹാരിതയെ വളരെ ഹൃദ്യമായിട്ട്, ആനന്ദകരമായിട്ട് തോന്നിയ അവസ്ഥയെ, കേള്‍ക്കുന്നയാള്‍ക്കും കൂടി അങ്ങനെതന്നെ അനുഭൂതമാകത്തക്ക രീതിയിലാണ് നാം പകര്‍ന്നു നല്‍കുന്നത്, പറയുന്ന സമയത്ത് വാക്കുകളുടെ പ്രയോഗം ശരിയാണോ എന്ന് വീക്ഷിക്കണം. അപ്പോള്‍ അവിടെ സംഭവിക്കുന്നതെന്താണെന്നു ചോദിച്ചാല്‍ വീക്ഷണത്താല്‍ ഉണ്ടായ അനുഭവം സ്മരണയായിട്ട് വിചാരൂപം കൈക്കൊണ്ട്, ആ വിചാരം ഹൃദയതലത്തില്‍നിന്ന് കണ്ഠം വഴി ശബ്ദമായി, വാക്കായി, ഭാഷയായി പുറത്തുവരികയാണ് ചെയ്യുന്നത്. അവ പരസ്പരം ബന്ധപ്പെട്ടുതന്നെയിരിക്കുന്നു. അങ്ങനെ, പറയുന്ന ശബ്ദത്തെ, അതേ സമയം തന്നെ പറയുന്ന ആളിന്റെ ഉള്ളില്‍ കേള്‍ക്കുന്നുണ്ട്. അതിനെയാണ് നമ്മള് സാക്ഷിയെന്നു പറയുന്നത്. മനസിനും സാക്ഷിയായിരിക്കുന്ന ചേതനയാണ് അത്.
റോസിനെ അനുഭവിക്കണമെങ്കില്‍ അവിടെ ‘ഞാന്‍’ എന്ന ബോധമുണ്ടായിരിക്കണം. ഞാനെന്ന ബോധമില്ലാതെ ആര്‍ക്കും അനുഭവമില്ലല്ലോ. ഞാനിന് അനുഭവിക്കാന്‍ റോസ് അവിടെയുണ്ടായിരിക്കണണം. അകവും പുറവും എന്ന ഭേദബുദ്ധി അനുഭവിക്കുന്ന സമയത്ത് ഉണ്ടാകാതിരിക്കുന്നതാണ് യഥാര്‍ത്ഥ അനുഭവമെന്ന് നാം മുമ്പ് മനസിലാക്കിക്കഴിഞ്ഞു. അകവും പുറവുമെന്ന അവസ്ഥ അനുഭവസമയത്ത് നാം അറിയുന്നില്ല. അത് ഏകമായ ഒരവസ്ഥയെ കാണിക്കുന്നു. അവിടെ അനുഭവിക്കുന്നു എന്നതുപോലും വിട്ടുപോവുന്നു. അങ്ങനെ രണ്ടാമതൊന്നിനെ ചിന്തിക്കാത്ത ഒരവസ്ഥയെ- സാത്മ്യാവസ്ഥയെ-തെളിയിക്കാന്‍ വേണ്ടിയാണ് നാം ഇങ്ങനെ ചിന്തിക്കുന്നത്.
അപ്പോള്‍, ‘ഞാന്‍’ ഉണ്ടായിരിക്കണം. എനിക്ക് ചിന്താവിഷയമായി വരുന്ന റോസും അവിടെ ഉണ്ടായിരിക്കണം. ഇനി, അനുഭവിക്കുന്നതിനുവേണ്ടി അതിന്റെ പേരും ആകൃതിയും നിറവും നമ്മുടെ പ്രജ്ഞയില്‍ ഒപ്പിയെടുക്കണം. (വസ്തുക്കള്‍ക്ക് നിറമുള്ളതുകൊണ്ടാണവയെ നാം വേറായിട്ടറിയുന്നത്) രൂപത്തെയും നിറത്തെയും ഒപ്പിയെടുത്തു കഴിയുമ്പോള്‍ ‘ഇത് റോസ്’ എന്ന ഒരനുഭവം പൂര്‍ണമാവുകയാണ് ചെയ്യുന്നത്. അതിനെ ഒഴിവാക്കിയിട്ട് വീണ്ടും അടുത്തതായ ഒരനുഭവത്തിനുവേണ്ടി എന്റെ മനസും അതിനൊപ്പം ഞാന്‍ ബോധവും തയ്യാറാകുന്നു. ഇങ്ങനെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളില്‍ പെട്ടുനില്‍ക്കുന്ന ജീവന്റെ അവസ്ഥയ്ക്കാണ് ജീവിതം എന്ന് നാം പറയുന്നത്. അതായത് അനേകമനേകം രൂപങ്ങളിലും, നാമങ്ങളിലും നിറങ്ങളിലുംപെട്ട് ഞാന്‍ ബോധം മാറിമാറി ഒഴുകുന്നത് തന്നെയാണ് ജീവിതം.
സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: