കൊച്ചി: മെട്രോ റയില്‍ പദ്ധതിയുടെ മുന്നൊരുക്കങ്ങളില്‍ ഡിഎംആര്‍സി വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട്. നിശ്ചിത സമയത്തിനും രണ്ടു മാസം മുമ്പേ രണ്ട് പാലങ്ങളാണ് ഡിഎംആര്‍സി കൊച്ചി നഗര ഹൃദയത്തില്‍ പണി തീര്‍ക്കുന്നത്. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിലെ രണ്ടു പാലങ്ങള്‍ 15ന് ഉദ്ഘാടനത്തിനു സജ്ജമാണെന്നാണ് ഡിഎംആര്‍സി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്റിനടുത്തുളള സലിം രാജന് മേല്‍പ്പാലം ഇരു ഭാഗവും പൂര്‍ത്തിയായി. റയില്‍വെ ലൈന്‍ മറികടക്കുന്നതിനുളള ഗര്‍ഡര്‍ മാത്രമാണ് ഇനി സ്ഥാപിക്കാനുളളത്. റയില്‍വെയുടെ അനുമതി ലഭിച്ചാല്‍ അവ സ്ഥാപിക്കും. കെഎസ്ആര്‍ടിസി പാര്‍ക്കിങ് മൈതാനത്തെ ഡിഎംആര്‍സി തൊഴില്‍ശാലയില്‍ ഗര്‍ഡറുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
എറണാകുളം നോര്‍ത്ത് റെയില്‍വെ മേല്‍പ്പാലം പുനര്‍നിര്‍മാണം സലിം രാജന് റോഡിനെയും രാജാജി റോഡിനെയും ബന്ധിപ്പിക്കുന്ന മേല്‍പ്പാലം നിര്‍മാണം, വിവിധ റോഡുകളുടെ വികസനം എന്നിവയുടെ നിര്‍മാണോദ്ഘാടനം ജനപ്രതിനിധികളും പൗരപ്രമുഖരും ഉദ്യോഗസ്ഥരും അടങ്ങിയ സദസിനെ സാക്ഷിയാക്കി കഴിഞ്ഞ വര്‍ഷം ജൂലൈ 30-നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്.
കലൂര്‍-കതൃക്കടവ് റോഡില്‍ നിന്നുളള സലിം രാജന് റോഡില്‍ നിന്ന് നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സ്റ്റാന്റിനടുത്തുളള മുല്ലശേരി കനാല്‍ വഴി കടക്കുന്ന മേല്‍പ്പാലത്തില്‍ 337 മീറ്റര്‍ നീളമുളള രണ്ടുവരി പാതയാണ് ഒരുക്കുന്നത്. നഗരത്തില്‍ സൗത്ത് മേല്‍പ്പാലം, ജോസ് ജംഗ്ഷന് എന്നിവിടങ്ങളിലെ തിരക്കു കുറക്കാന്‍ പുതിയ പാലം സഹായകമാകും.
സലിം രാജന് പാലത്തിന്റെ റയില്‍വെ ലൈനിനു ഇരുവശത്തുമുളള പണി 75 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. റയില്‍വെ ലൈനിന് മുകളിലൂടെയുളള 47 മീറ്റര്‍ നീളമുളള സ്പാനിന് ഒരിടത്തും തൂണുകളില്ലെന്നതാണ് പ്രത്യേകത. സമയ ബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി അറുപതോളം ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചിട്ടുളളത്. സിവിസിസി-ആര്‍ഡിഎസ് സംയുക്ത സംരംഭത്തിനാണ് ഡിഎംആര്‍സി ഈ പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയിട്ടുളളത്.
9.70 മീറ്റര്‍ വീതിയുളള പാലത്തില്‍ 7.5 മീറ്റര്‍ ഭാഗം വാഹന യാത്രയ്ക്ക് ഉപയോഗിക്കാനാകും. ഇരുവശത്തുമുളള നടപ്പാതയിലൂടെ കേബിള്‍, പൈപ്പ് ലൈനുകളും സ്ഥാപിക്കാം. പാലത്തിന്റെ ഒരു ഭാഗത്ത് നടപ്പാതയിലേക്കായി കോവണിയും നിര്‍മിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണവും ദ്രുതഗതിയില്‍ നടക്കുന്നു.
നോര്‍ത്ത് റയില്‍വെ മേല്‍പ്പാലത്തിന്റെ ഇരുവശത്തുമുളള രണ്ടു ചെറിയ പാലങ്ങളും ഗതാഗതത്തിന് സജ്ജമായിക്കഴിഞ്ഞു. നവംബര്‍ 15-ന് മുഖ്യമന്ത്രി സമയമനുവദിച്ചാല്‍ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ഈ രണ്ടു പാലങ്ങളും അനുവദിച്ച സമയത്തിനും മാസങ്ങള്‍ക്കു മുമ്പേ് പൂര്‍ത്തിയാകുന്നുവെന്നതാണ് ഡിഎംആര്‍സിയുടെ പ്രാഗല്ഭ്യത്തിന് സാക്ഷ്യപത്രമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: