കൊല്ലം: കശുവണ്ടി തൊഴിലാളി ഐക്യട്രേഡ് യൂണിയന് സമിതി എന്ന പേരില്‍ കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ സമരത്തിനിറങ്ങിയിരിക്കുന്നത് വെറും കടലാസ് സംഘടനയാണെന്ന് കെഎസ്സിഡിസി സ്റ്റാഫ് യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സമരം നയിക്കാനിറങ്ങിയിരിക്കുന്ന സുരേഷ്ബാബു 93 മുതല്‍ 96 വരെ കെഎസ്സിഡിസിയുടെ ചെയര്‍മാനായിരുന്നു. ഈ സമയത്ത് 76 ദിവസം മാത്രമാണ് ജോലി നടന്നത്. സര്‍ക്കാര്‍ ഈ കാലയളവില്‍ നല്കിയ 51.81 കോടിരൂപ എങ്ങോട്ട് പോയി എന്നതും സിബിഐ അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
കെഎസ്സിഡിസിയെക്കുറിച്ച് സമരക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. 2008, 2009, 2010, 2011 വര്‍ഷങ്ങളില്‍ റെക്കാര്‍ഡ് തൊഴില്‍ദിനങ്ങളാണ് ഉണ്ടായത്. ടേണോവര്‍ വര്‍ഷത്തില്‍ 280 കോടി രൂപയായി. ഇത്രയും വലിയ ഒരു തൊഴില്‍ ദാദാവിന് പോളിസി അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കശുവണ്ടി വ്യവസായത്തിന്റെ നേതൃത്വം കാഷ്യു കോര്‍പ്പറേഷനിലാണ്. പുതിയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചുകൊണ്ട് കെഎസ്സി ഡിസി അത് നിലനിര്ത്തിവരുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
28.67 കോടിരൂപ വകമാറ്റി ചിലവഴിച്ചു എന്ന കണ്ടെത്തല്‍ ശരിയാണ്. തൊഴിലാളികള്‍ക്കും സ്റ്റാഫിനും സമയബന്ധിതമായി ബോണസും മറ്റ് ആനുകൂല്യങ്ങളും നല്കുവാന് വേണ്ടി തുക ചെലവഴിച്ചിട്ടുണ്ട്. ഇതിന് കാണാനില്ല എന്ന് വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്ന് അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ആര്. രാജീവ് (ഐഎന്‍ടിയുസി), എ. ഗോപകുമാര്‍ (സിഐടിയു), ജി. അശോക്കുമാര് (എഐടിയുസി), എ. സുധീര്‍ (യുടിയുസി) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: