ഗ്വാട്ടിമാല സിറ്റി: മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയുടെ തീരപ്രദേശത്ത് ശക്തമായ ഭൂചലനം.ഉഗ്ര ഭൂകമ്പത്തില്‍ 48 പേര് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് ഗ്വാട്ടിമാല പ്രസിഡന്റ് ഓട്ടോ പെരെസ് മോളിന പറഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തലസ്ഥാന നഗരമായ ഗ്വാട്ടിമാലയില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിരവധി പേര് കുടുങ്ങികിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികസമയം രാവിലെ 10.35 നാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്.മെക്സിക്കന്‍ അതിര്‍ത്തിയിലെ മലയോര ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.
സാന്മാര്ക്കോസ് പ്രവിശ്യയിലാണ് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഇവിടെ മാത്രം 40 പേരാണ് മരണമടഞ്ഞത്. പലസ്ഥലങ്ങളിലും പരിഭ്രാന്തരായ ജനങ്ങള്‍ വീട് വിട്ടോടിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധവും ഫോണ്‍ബന്ധവും വിഛേദിക്കപ്പെട്ടു.റോഡ് ട്രെയിന്‍ ഗതാഗതം താറുമാറായി. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരെയും സൈനികരേയും ദുരിതബാധിതമേഖലകളിന് വിന്യസിച്ചിട്ടുണ്ടെന്നും ദുരന്തത്തില്‍പ്പെട്ടവരുടെ ജീവന് രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഗ്വാട്ടിമാല പ്രസിഡന്റ് ഓട്ടോ പെരെസ് മോളിന പറഞ്ഞു.
ഉയരം കൂടിയ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ഓട്ടോ പെരെസ് മോളിന നിര്‍ദ്ദേശം നല്കി. ഇതേസമയം ഭൂകമ്പത്തില്‍ 48 പേരുടെ മരണം സ്ഥിരീകരിക്കുന്നതായി സാന്‍ മാര്‍ക്കോസ് സ്റ്റേറ്റ് ഗവര്‍ണര്‍ ലൂയിസ് റിവേര പറഞ്ഞു. ഭൂകമ്പത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകേന്ദ്രം ഏറെക്കുറെ തകര്‍ന്നതായി റിവേര വ്യക്തമാക്കി. ആദ്യ ചലനത്തിന് പിന്നാലെ ശക്തമായ അഞ്ചു തുടര്‍ചലനങ്ങള്‍ ഉണ്ടായതായും ഇതു ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തം കണക്കിലെടുത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്വ്വേനല്കുന്ന വിവരമനുസരിച്ച് ഭൗമോപരിതലത്തില്‍ നിന്നും 26 മെല്‍ താഴെയാണ് പ്രഭവകേന്ദ്രം.സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. 1976 ല്‍ 20,000 പേരുടെ ജീവന് അപഹരിച്ച ഭൂചലനത്തിന് ശേഷമുണ്ടാകുന്ന ശക്തമായ ഭൂചലനമാണ് ഇത്.അന്നത്തെ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: