കൊല്ലം: പെന്തക്കോസ്തു സംഘടനയായ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ രജിസ്ട്രേഷന് സംബന്ധിച്ച കേസില്‍ മഹാരാഷ്ട്ര ജോയിന്റ് ചാരിറ്റി കമ്മീഷണര്‍ക്ക് വക്കീല്‍ നോട്ടീസ്. വ്യാജ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് വിദേശസംഭാവനകള്‍ സ്വീകരിക്കാനുള്ള നിരവധി എഫ്സിആര്‍എ അക്കൗണ്ടുകള്‍ കരസ്ഥമാക്കി രാജ്യത്തേക്ക് ശതകോടികള്‍ ഒഴുക്കി തട്ടിപ്പു നടത്തുന്നതിന്റെ പേരില്‍ കോടതികളില്‍ കേസ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്, എറണാകുളം സ്വദേശി ജയേഷ്കുമാര്‍ ആലുവ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും നല്‍കിയിട്ടുള്ള കേസുകള്‍ നിലവിലുള്ളതിനാല്‍ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ രജിസ്ട്രേഷന് സംബന്ധിച്ച് പുതിയ നീക്കങ്ങള്‍ നടത്തരുതെന്നു കാട്ടിയാണ് ജോയിന്റ് ചാരിറ്റി കമ്മീഷണര്‍ എം.എസ്. ജവാല്ക്കര്ക്ക് അഡ്വ.ടി.ജി. ഗോപിനാഥ് മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.മുംബൈയിലെ ബുഹറാനിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ 2701/1951-52 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയെന്നാണ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അറിയപ്പെടുന്നത്. ഈ രജിസ്ട്രേഷന് നമ്പര്‍ വ്യാജമാണെന്നു കാട്ടിയാണ് ഹര്ജിക്കാരന് കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളത്. വ്യാജ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് ഒന്നിലേറെ അക്കൗണ്ടുകളിലൂടെ കോടികള്‍ എത്തിച്ചതായും ഹര്‍ജിയില്‍ പറയുന്നു. ആലുവ ഡിവൈഎസ്പി അന്വേഷിക്കുന്ന കേസിന്റെ അന്വേഷണത്തിന് ആറുമാസം സമയംകൂടി ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.പാസ്റ്റര്‍മാരായ മധുലാല്‍ അഗസ്റ്റിന്, പി.എസ്. ഫിലിപ്പ്, വി.ടി. എബ്രഹാം, ബാബു ജോര്‍ജ്ജ്, പി.എസ്. രാജാമണി, ജി. പീറ്റര്‍, ഡി. മോഹന്‍, ടി. സുന്ദര്‍രാജ്, വൈ. ജയരാജ്, ബാബു വര്‍ഗീസ് എന്നിവരെയാണ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഭാരവാഹികളായി കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.പ്രതികള്‍ക്ക് പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളതിനാല്‍ സംഘടനയുടെ വ്യാജ രജിസ്ട്രേഷന് സംബന്ധിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് ജോയിന്റ് ചാരിറ്റി കമ്മീഷണര്‍ക്ക് നല്കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമായതിനാല്‍ വ്യാജരജിസ്ട്രേഷന്‍ പ്രശ്നത്തില്‍ ജോയിന്റ് ചാരിറ്റി കമ്മീഷണര്‍ സിവില്‍- ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്നാണ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: