കൊല്ലം: കള്ളുഷാപ്പുകളെ അധഃകൃതഷാപ്പുകളാക്കി വേര്‍തിരിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ചെത്തരുത്, കുടിക്കരുത് എന്ന് ഗുരുദേവന് പറഞ്ഞത് ആ തൊഴിലിനെ കുറച്ചുകണ്ടതു കൊണ്ടല്ല. പക്ഷേ കേരളത്തിന്റെ ഭരണകൂടം സമൂഹത്തെ മദ്യാസക്തിയില്‍ മയക്കിയെടുത്ത് അധികാരത്തിന്റെ ചട്ടുകങ്ങളാക്കാനുള്ള ശ്രമത്തിലാണ്. ബിവറേജസ് ഔട്ട്ലെറ്റുകള് യഥേഷ്ടമാകാമെന്നും ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ദൂരപരിധി പ്രശ്നമല്ലെന്നുമുള്ള നിലപാട് അതിന്റെ തെളിവാണ്. കേരളത്തിലേക്ക് വിനോദസഞ്ചാരികള്‍ വരുന്നത് മദ്യപിക്കാനാണെന്ന മട്ടിലാണ് സര്‍ക്കാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതെന്ന് പന്ന്യന്‍ പരിഹസിച്ചു. പ്രസ്ക്ലബ്ബ് ഹാളില്‍ ഗുരുധര്‍മ്മ പ്രചരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ആര്. ശങ്കര്‍ ചരമവാര്‍ഷികദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം ഭൂമി പണമുള്ളവന് പതിച്ചുനല്‍കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പന്ന്യന്‍ രവീന്ദ്രന് കുറ്റപ്പെടുത്തി. ‘കോവളം കൊട്ടാരം സര്‍ക്കാരിന് നല്‍കാം, ഭൂമി ഞാനെടുക്കും’ എന്നാണ് ഒരു മുതലാളി മുഖ്യമന്ത്രിയോട് പറയുന്നത്. അതു ചര്‍ച്ചചെയ്യാനും മുഖ്യമന്ത്രി യോഗം വിളിച്ചു. ജനങ്ങളുടെ ഭൂമിയുടെ സൂക്ഷിപ്പുകാരനാണ് സര്‍ക്കാര്‍. ആ ഭൂമി എങ്ങനെ മറിച്ചുവില്‍ക്കാം എന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. നെല്ലിയാമ്പതി വനഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവര്‍ വിറ്റുതീര്‍ത്തു. പ്രശ്നമായപ്പോള്‍ കയ്യേറ്റക്കാരന് കൃഷിക്കാരനാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആറന്മുള വിമാനത്താവള പദ്ധതി പണത്തിന്റെ ശക്തിക്കുമുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയതിന്റെ തെളിവാണ്. ആ നിലമത്രയും നികത്തിയാല്‍ ഒരു ജനതയുടെ കുടിവെള്ളം മുട്ടും.
ഇത്തരം കാര്യങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കാന്‍ സര്‍ക്കാരിന് കഴിയണം. ആര്. ശങ്കര്‍ കര്‍ക്കശക്കാരനായ ഭരണാധികാരിയും വിജ്ഞാനത്തിന്റെ കടലുമായിരുന്നുവെന്ന് പന്ന്യന്‍ അനുസ്മരിച്ചു. എസ്എന്‍ഡിപി യോഗ നേതൃനിരയില്‍ അമ്പതാണ്ട് പിന്നിട്ട കാവ്യാട് മാധവന്‍കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. എഴുകോണ്‍ രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. ഗുരുദേവകൃതികളുടെ വിതരണോദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന് നിര്‍വഹിച്ചു. കെ. പ്രകാശ്ബാബു, ആര്. രാമചന്ദ്രന്, മധു മാറനാട് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന കവിസമ്മേളനത്തില്‍ ആറ്റുവാശ്ശേരി സുകുമാരപിള്ള, താഴ്വര ഗോപി, ഉണ്ണി പുത്തൂര്‍, ലാസര്‍ ബാലന് ഐവര്‍കാല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: