ന്യൂദല്‍ഹി: ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇന്ത്യന്‍ ഐ.ടി മേഖലയില്‍ ആശങ്ക. ഒബാമ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ ഐടി വ്യവസായത്തിന് തിരിച്ചടിയാകുമെന്ന് പ്രമുഖ ഐടി കമ്പനിയായ ഐഗേറ്റിന്റെ സിഇഒ ഫനീഷ് മൂര്‍ത്തി അഭിപ്രായപ്പെട്ടു. ഐടി-ബിപിഒ വ്യവസായത്തെ സംബന്ധിച്ച് ഒബാമയുടെ തിരിച്ചുവരവ് ഒട്ടും നല്ലതല്ലെന്നും ഇതിന്റെ അനന്തര ഫലങ്ങള്‍ 2013 ഓടെ മാത്രമേ പൂര്‍ണമായി ബോധ്യപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ധനകമ്മി, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുമെന്നും സമ്പദ്വ്യവസ്ഥ മാന്ദ്യത്തില്‍ തന്നെ തുടരാന്‍ ഇടയാക്കുമെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടി. ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് പുറംജോലികരാര്‍ നല്‍കുന്നതിനെ ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രാദേശികമായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് യുഎസിന്റെ ആവശ്യമെന്നും ഒബാമ പറഞ്ഞിരുന്നു. ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ 80 ശതമാനം വരുമാനവും യുഎസ്,യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.
ഇന്ത്യന്‍ കമ്പനികള്‍ക്കും മറ്റും പുറംജോലിക്കരാര്‍ നല്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനും അമേരിക്ക നീക്കം നടത്തുന്നുണ്ട്. ഇത് ഐ.ടി കമ്പനികള്‍ക്ക് ദോഷകരമാകുമെന്ന് ഐ.ടി വിദഗ്ധര്‍ പറയുന്നു. അതേസമയം അമേരിക്കയുടെ ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഒബാമ കൈക്കൊള്ളുന്നത് ഇന്ത്യയ്ക്ക് കൂടുതല്‍ തൊഴില്‍ കരാറുകള്‍ ലഭിക്കുമെന്ന പ്രത്യാശയും ഉണ്ട്.
അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാര്ക്ക് ഇപ്പോള്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ല. അത് അവരുടെ വൈദ്യചികിത്സാ ചെലവ് ദുസഹമാക്കുന്നു. പരിഹാരമായി പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രസിഡന്റ് ബരാക് ഒബാമ മുന്നോട്ട് വച്ചിട്ടുള്ളതാണ്. അത് നടപ്പാകുന്നത് ഇന്ത്യന്‍ ഔഷധ നിര്‍മ്മാണ കമ്പനികള്‍ക്കും സോഫ്ട്വെയര് ബിസിനസ് രംഗത്തിനും അവസരങ്ങള്‍ നല്‍കുന്നതാകുമെന്ന് ബയോടെക്നോളജി കമ്പനിയായ ബയോകോണിന്റെ മേധാവി കിരണ്‍ മജുംദാര്‍ ഷാ പ്രത്യാശിച്ചു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റായി ഒബാമയുടെ തിരിച്ചുവരവ് ഇന്ത്യന്‍ വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ഇന്ത്യയുമായി യുഎസിനുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതാകുമെന്നാണ് വിവിധ കമ്പനി മേധാവികള്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഒബാമ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ഗുണം ചെയ്യുമെന്ന് ഗോദറേജ് ഗ്രൂപ്പ് ചെയര്മാന് ആദി ഗോദറേജ് അഭിപ്രായപ്പെട്ടു. ഇതേ കാഴ്ചപ്പാടുതന്നെയാണ് ഭാരതി ഗ്രൂപ്പ് ചെയര്മാന് സുനില്‍ ഭാരതി മിത്തലിനുമുള്ളത്. ഔട്ട്സോഴ്സിംഗ് ബിസിനസിനെ ഒബാമയുടെ വരവ് പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് മിറ്റ് റോംനി പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതായിരുന്നു കൂടുതല്‍ നല്ലതെന്ന അഭിപ്രായമാണ് ബജാജ് ആട്ടോ ചെയര്മാന് രാഹുല്‍ ബജാജ് മുന്നോട്ട് വയ്ക്കുന്നത്. പുറംജോലി കരാറിനെ എതിര്‍ക്കുന്നതിന് അമേരിക്കക്ക് അവരുടേതായ കാരണം ഉണ്ടാകാമെന്നും ഇന്ത്യ-യുഎസ് ബന്ധത്തെ കുറിച്ച് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് ചെയര്മാന് നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു.
പുതിയ ഭരണകൂടത്തിന് കീഴില്‍ ജോലികള്‍ പുനരാരംഭിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഇന്‍ഫോസിസ് എക്സിക്യൂട്ടീവ് കോ.ചെയര്മാന് എസ്.ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: