മരട്: കുമ്പളം പ്രദേശത്തെ നിര്‍ദ്ദിഷ്ട സ്വകാര്യ കായല്‍ ടൂറിസം പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പദ്ധതിക്കുപിന്നില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ള ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പനങ്ങാട് സൗത്ത് ബസ്ടെര്മിനലിനേയും, കിഴക്ക് ഭാഗത്ത് ശബരീശ്വര ക്ഷേത്രപരിസരത്തെ ഫിഷ്ലാന്റിംഗ് സെന്ററിനേയും ബന്ധിപ്പിച്ചുകൊണ്ട് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ബോട്ടുജെട്ടി നിര്‍മ്മിച്ച് നൂറുകണക്കിന് ഹൗസ് ബോട്ടുകള്‍ക്ക് തവളം ഉണ്ടാക്കുന്നതിനുള്ളതാണ് നിര്‍ദ്ദിഷ്ട കായല്‍ ടൂറിസം പദ്ധതി. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
കൈതപ്പുഴ കായലിന്റെ തീരത്തുള്ള വരുടെ മുഖ്യ ഉപജീവനമാര്‍ഗം മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ്. ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈന്നിവലകളും, ചീനവലകളും നീക്കം ചെയ്യുമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച ടൂറിസം വകുപ്പുമന്ത്രി അനില്‍കുമാര്‍ നടത്തിയ പ്രസ്താവന പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ശ്രീവര്‍ധിനി സഭവക വ്യാസപുരം ക്ഷേത്രത്തിന്റേയും, ശബരീശ്വരക്ഷേത്രത്തിന്റേയും മുഖ്യവരുമാനമാര്‍ഗം ഊന്നിവലകളില്‍ നിന്നുള്ളതാണ്. അതിനാല്‍ സഭ കായല്‍ ടൂറിസം പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്ന് കഴിഞ്ഞ 26ന് ചേര്‍ന്നയോഗം തീരുമാനിച്ചു.
നൂറുകണക്കിന് ഹൗസ്ബോട്ടുകളില്‍ നിന്നുള്ള ഇന്ധനത്തിന്റെ അവശിഷ്ടങ്ങളും മറ്റും കായലിനെ മലിനമാക്കുമെന്നും മത്സ്യസമ്പത്ത് നശിക്കുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു. സമീപ പ്രദേശങ്ങളിലെ ചില സ്വകാര്യ വന്‍കിട റിസോട്ടുകളും, ഒരു കേന്ദ്രമന്ത്രിയുമാണ് പദ്ധതി കൊണ്ടുവരാന്‍ അണിയറ നീക്കം നടത്തുന്നത്. പ്രദേശത്തെ കടവുകളെ ഇല്ലാതാക്കുവാനും, മത്സ്യബന്ധനത്തിന് വിഘാതം സൃഷ്ടിക്കുന്നതുമായ പദ്ധതിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു ടൂറിസം വികസനവും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍.
പദ്ധതിക്ക് പരിസ്ഥിതിക്കുകോട്ടം തട്ടാത്തവിധത്തിലുള്ള മറ്റൊരുനിര്‍ദ്ദേശം പ്രദേശവാസികള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ചേപ്പനം വഴി വളന്തക്കാട് പ്രദേശത്തേക്ക് പാത്ത്വേ നിര്മീച്ചാല് ബോട്ടുകള്‍ക്ക് സുരക്ഷിതമായി പാര്‍ക്കുചെയ്യാം. പനങ്ങാട്- ചേപ്പനം പാലം പുതുക്കി പണിയുകകൂടി ചെയ്താല്‍ ടൂറിസം പദ്ധതി സുഖമായി നടപ്പിലാക്കുവാന്‍ കഴിയുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: