അങ്കമാലി: നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഇല്ലാതെ നെട്ടോട്ടം ഓടുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക ഉപയോഗിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അങ്കമാലി മാഞ്ഞാലി തോടിന്റെ രണ്ടാം ഘട്ടവികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നഷ്ടപ്പെടുവാന്‍ സാധ്യത. മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത് എന്തെന്ന് അന്വേഷിക്കാതെ അനുവദിച്ച തുക ഉപയോഗിപ്പിക്കുവാന് ശ്രമിക്കാതെ പ്രസ്താവനകളും സന്ദര്‍ശനങ്ങളും മാത്രം നടത്തി വരുന്ന വികസനസമിതി ഭാരവാഹികളും ജനപ്രതിനിധികളും വേണ്ടവിധത്തില്‍ കാര്യങ്ങള്‍ ചെയ്യാത്തതുമൂലമാണ് ആയിരത്തില്‍പരം ഏക്കര്സ്ഥലത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും അഞ്ചിലധികം പഞ്ചായത്തിലുള്ളവര്‍ക്കും അങ്കമാലി നഗരസഭ അതിര്‍ത്തിയിലുള്ളവര്‍ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ഉപകാരപ്രദമാകുന്ന മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. അനുവദിച്ച തുകയ്ക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സമയാസമയങ്ങളില്‍ ചെയ്യാത്തതുമൂലം സര്‍ക്കാരിന് വന്‍നഷ്ടം ഉണ്ടാകുന്നതോടൊപ്പം കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഴിമതി നടത്താന്‍ സഹായകരമാകുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പൗരാണിക ജലപാതയായ മാഞ്ഞാലിതോട് വികസിപ്പിച്ചാല്‍ കാര്‍ഷിക ആവശ്യത്തിനും കുടിവെള്ളക്ഷാമത്തിനും പരിഹാരമുണ്ടാകും എന്നതോടൊപ്പം തന്നെ പൗരാണികകാലത്ത് ഉണ്ടായ ജലപാതയാത്ര സജീവമാക്കുവാന്‍ കഴിയും. മാഞ്ഞാലിതോടിന്റെ വികസനം പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച അഞ്ചരകോടി രൂപകൊണ്ട് നാലരകിലോമീറ്റര്‍ ദൂരത്തില്‍ തോടിന് ഇരുവശവും ബണ്ടുനിര്മ്മിക്കുകയും കുറച്ചുഭാഗം കരിങ്കല്‍കൊണ്ട് കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്യാത്തതുമൂലം ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തീരുന്നതോടൊപ്പം തന്നെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിയാതിരുന്നതു മൂലവും ആദ്യഘട്ട നിര്‍മ്മാണസ്ഥലങ്ങളില്‍ വീണ്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുന്നുണ്ട്. രണ്ടാംഘട്ടമെന്ന നിലയില്‍ മൂന്നരകിലോമീറ്റര്‍ ദൂരത്തില്‍ തോടിന് ഇരുവശത്തും ബണ്ടുകെട്ടുന്നതിനും ജലഗതാഗതത്തിന് സൗകര്യം ഒരുക്കുന്നതിനുവേണ്ടി അനുവദിച്ച 8.5 കോടി രൂപയാണ് തിരിഞ്ഞുനോക്കുവാന്‍ ആളില്ലാതെ നഷ്ടപ്പെടുവാന്‍ പോകുന്നത്. യഥാസമയം ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ പൂര്ത്തികരിക്കാത്തതുമൂലമാണ് മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് അനുവദിച്ച രണ്ടാം ഘട്ട തുക നഷ്ടപ്പെടുവാന്‍ പോകുന്നത്. ഇത് മൂലം മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുവാനാണ് സാദ്ധ്യത.
രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എസ്റ്റിമേറ്റ് തുക 8.5 കോടി എന്നത് മാഞ്ഞാലിതോടിന്റെ രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയതുമൂലം 11.5 കോടി രൂപയായി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഇനിയുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിയുകയുള്ളൂയെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയതായി പറയപ്പെടുന്നു.
മാഞ്ഞാലിതോടിലേക്ക് എത്തിച്ചേരുന്ന മൂന്ന് തോട് നന്നാക്കുകയും മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ്യമാക്കുവാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമയത്ത് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ ഭാവിയില്‍ അങ്കമാലി, മാഞ്ഞാലി പ്രദേശങ്ങളില്‍ ഭാവിയില്‍ വരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാകുന്നതോടൊപ്പം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ വന്വളര്ച്ചയുണ്ടാകും. കൃഷി ആവശ്യത്തിനും കുടിവെള്ളക്ഷാമപരിഹാരത്തിനുംവേണ്ടി ഉണ്ടാക്കിയ മാഞ്ഞാലിതോട് വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധസമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: