മരട്: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പനങ്ങാട് ഉദയത്തുംവാതില്‍ ക്ഷേത്രഭൂമിയിലെ സ്വകാര്യ വ്യക്തിനടത്തുന്നതായി പറയപ്പെടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് തഹസില്‍ദാര്‍ തടഞ്ഞു. ക്ഷേത്രകുളം കൈയ്യേറിയുള്ള നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ ഭക്തജനങ്ങളും നാട്ടുകാരും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്ര ഭൂമി അളന്നു തിരിക്കാനും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും കോടതി ഉത്തരവായിരുന്നു. എന്നാല്‍ കൊച്ചി ദേവസ്വം ഇതിനുള്ള നടപടികള്‍ ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
പിന്നീട് ഒക്ടോബര്‍ ആറിന് ദേവസ്വം സ്പെഷ്യല്‍ തഹസില്‍ ദാറുടെ നേതൃത്വത്തില്‍ അളവ് നടത്തി കയ്യേറ്റങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുര്‍ന്നു വന്നതിനെതിരെ പ്രദേശത്തെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം അധികാരികള്‍ക്ക് വീണ്ടും പരാതി നല്കി. തുടര്‍നടപടി എന്ന നിലയിലാണ് ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന രവിപുരം ദേവസ്വം ഓഫീസര്‍ വിഷയത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനായത്. ദേവസ്വം തഹസില്‍ദാരുടെ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം ദേവസ്വം ഓഫീസര്‍ പനങ്ങാട് പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പനങ്ങാട് പോലീസ് സ്ഥലത്തെത്തി ക്ഷേത്രഭൂമിയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സ്വകാര്യ വ്യക്തിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
ദേവസ്വത്തിന്റെ ഉദയത്തും വാതില്‍ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഭൂമിയില്‍ 36 സെന്റോളം സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. കുമ്പളം വില്ലേജ്, കുമ്പളം പഞ്ചായത്ത് സെക്രട്ടറി എന്നിവരും, ഭരണം നടത്തുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും കയ്യേറ്റക്കാര്‍ക്ക് ഒത്താശചെയ്യുകയാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഭക്തജനങ്ങളും, വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും പഞ്ചായത്തു ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നിലപാടുകളില്‍ മാറ്റം ഉണ്ടായില്ല. ക്ഷേത്ര ഭൂമി കയ്യേറിയവരെ സഹായിക്കുന്ന നിലപാടായിരുന്നു പഞ്ചായത്തിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: