മുംബൈ: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വില്‍ക്കുന്നു. കടബാധ്യതകള്‍ കുറയ്ക്കുന്നതിനായി 105 ആസ്തികള്‍ വില്‍ക്കുന്നതിനാണ് തീരുമാനം. ഇതിലൂടെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്സള്ട്ടന്സിസ്ഥാപനങ്ങളില് നിന്നും ലേലത്തിന് ക്ഷണിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ജോണ്‍സ് ലാങ്ങ് ലാസല്ലെ ഇന്ത്യയ്ക്കായിരിക്കും കരാര്‍ നല്‍കുക.
നാല് പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളാണ് കരാറിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ജോണ്‍സ് ലാങ്ങ് ലാസല്ലെ ഇന്ത്യയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ കാരാര്‍ അവാര്‍ഡ് ചെയ്യുമെന്നാണ് അറിയുന്നത്. റിയല്‍ എസ്റ്റേറ്റ് വില്പനയിലൂടെ പ്രതിവര്‍ഷം 500 കോടി രൂപയുടെ ആസ്തികള്‍ വില്‍ക്കുന്നതിനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുമ്പോള്‍ 10 വര്‍ഷത്തെ പദ്ധതി ഹൃസ്വകാലാടിസ്ഥാനത്തില്‍ അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു.
ആറ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളാണ് എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചതെങ്കിലും നാല് സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
വില്‍ക്കാനുദ്ദേശിക്കുന്ന 105 ആസ്തികളില്‍ മൂന്നെണ്ണം വിദേശ ആസ്തികളാണ്. എയര്‍ ഇന്ത്യയുടെ ദക്ഷിണ മുംബൈയിലുള്ള ആസ്ഥാന മന്ദിരം വില്പനയില് നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നരിമാന് പോയിന്റിലുള്ള എയര്‍ ഇന്ത്യ ബില്‍ഡിംഗിലെ 159,000 ചതുരശ്ര അടി ഓഫീസ് സ്പേസ് പാട്ടത്തിന് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തുടങ്ങയിരുന്നു. മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ ആസ്ഥാനം ന്യൂദല്‍ഹിയിലേക്ക് മാറ്റുമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: