മെക്സിക്കോ സിറ്റി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം. 2012-13 ല്‍ ജിഡിപി വളര്‍ച്ച 5.5 ശതമാനമെന്ന താഴ്ന്ന നിലയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെക്സിക്കോയില്‍ നടക്കുന്ന ജി 20 യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചിദംബരം.
വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ നിന്നും 6 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അടുത്ത വര്‍ഷം വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ എത്തുമെന്നും 2014-15 ല്‍ ഇത് 8 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിദംബരം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. 2002-03 ലാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തില്‍ താഴെയെത്തുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യവും നയരൂപീകരണത്തിലെ കാലതാമസവും മന്ദഗതിയിലുള്ള വ്യാവസായിക പ്രവര്‍ത്തനങ്ങളുമാണ് നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാത്തതിന് കാരണമെന്നും ചിദംബരം ചൂണ്ടിക്കാട്ടി. 2012-13 ല്‍ ഇന്ത്യയുടെ വളര്‍ച്ച അനുമാനം അന്താരാഷ്ട്ര നാണ്യ നിധിയും മറ്റ് പ്രമുഖ റേറ്റിംഗ് ഏജന്‍സികളും കുറച്ചിരുന്നു. 6.1 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായാണ് വളര്‍ച്ച അനുമാനം ഐഎംഎഫ് താഴ്ത്തിയത്.
സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 9 ശതമാനത്തില്‍ അധികമായിരുന്നു. ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലേക്ക് മടങ്ങിവരുമെന്ന് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പ നിയന്ത്രണം പ്രാധാന്യത്തോടെ കാണുന്നുവെന്നും സപ്തംബറില്‍ ഇത് 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.8 ശതമാനത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം ഉയരുമ്പോഴും നിലനില്പ് അത്യാവശ്യമാണെന്നും പണപ്പെരുപ്പം നിയന്ത്രണാതീതമായി ഉയരുന്നതാണ് നിലവിലുള്ള പ്രധാനവെല്ലുവിളിയെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്ക് കൂടുതല്‍ മെച്ചപ്പെട്ട പണ വായ്പാ നയം രൂപീകരിക്കുകയും രാജ്യം ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ധനക്കമ്മി കുറയ്ക്കുന്നതിനൊപ്പം വളര്‍ച്ച കൈവരിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: