ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടസ്രാജ് ക്ഷേത്രത്തിലെ നാശോന്മുഖമായ കുളം പുനരുദ്ധാരണം ചെയ്യുന്നു. സമീപത്തെ ഫാക്ടറിക്കുവേണ്ടി ഭൂഗര്‍ഭജലം ഉപയോഗിച്ചതിന്റെ ഭാഗമായാണ് കുളം നാശത്തിന്റെ വക്കിലേക്ക് പോയത്. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള 115 ഹിന്ദുക്കള്‍ ചേര്‍ന്നാണ് കുളത്തിന്റെ ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പഞ്ചാബ് സര്‍ക്കാര്‍ തന്നെയാണ് ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത്. ക്ഷേത്രത്തിലേക്ക് ഹിന്ദുക്കള്‍ക്ക് വരുന്നതിനും പോകുന്നതിനുമുള്ള സഹായവും പഞ്ചാബ് സര്‍ക്കാര്‍ തന്നെയാണ് ചെയ്തു നല്‍കിയത്. രാജ്യത്തെ മറ്റിടങ്ങളിലുള്ള ക്ഷേത്രങ്ങളും ഇതുപോലെ സംരക്ഷിക്കണമെന്ന് ഹിന്ദു സുധാര്‍ സഭാ സെക്രട്ടറി അശോക് ചന്ദ് പറഞ്ഞു.
ക്ഷേത്ര സംരക്ഷണത്തിനുവേണ്ടി പഞ്ചാബ് സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം പറയുന്നു. ശിവക്ഷേത്രമായ ഇവിടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ എത്താറുണ്ട്. ശക്തിയുള്ള ശിവഭഗവാനാണ് ഇവിടെയുള്ളതെന്നും അതുകൊണ്ട് തന്നെ ക്ഷേത്രക്കുളം പരിപാവനമായി സൂക്ഷിക്കേണ്ട കടമ നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തില്‍ ദീപാവലി ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്നും പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സമാധാന കമ്മറ്റി വൈസ് പ്രസിഡന്റ് രത്തന്‍ ലാല്‍ പറഞ്ഞു.
ക്ഷേത്രത്തിനും ക്ഷേത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കേട്പാട് സംഭവിച്ചതിനെ പ്രസിഡന്റ് അലി സര്‍ദാരി കഴിഞ്ഞ മെയില്‍ അപലപിച്ചിരുന്നു. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സര്‍ദാരി ഉത്തരവിട്ടിരുന്നു. 609.19 മില്ല്യണാണ് പുനരുദ്ധാരണത്തിനായി പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയത്. ഇത് കൂടാതെ 20 ലക്ഷം രൂപ ഫെഡറല്‍ സര്‍ക്കാരും നല്‍കിയിരുന്നു. 900 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഹിന്ദു തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് പ്രദേശത്തെ ഏഴോളം ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ പാക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതി മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 2005 ല്‍ പാക്കിസ്ഥാന് സന്ദര്‍ശിച്ച ബിജെപി നേതാവ് എല്‍.കെ. അദ്വാനി പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: