ട്രിപ്പോളി: ലിബിയന്‍ പാര്‍ലമെന്റും സമീപപ്രദേശങ്ങളും സായുധപ്രതിഷേധക്കാര് വളഞ്ഞു. പുതിയ പ്രധാനമന്ത്രിയായ അലി സിദന്റെ മന്ത്രിസഭയ്ക്കെതിരെയാണ് പ്രതിഷേധം. 200ഓളം വരുന്ന പ്രതിഷേധക്കാരില്‍ നിരവധി സാധാരണക്കാരുമുണ്ട്.
കഴിഞ്ഞവര്‍ഷം നടന്ന രക്തരൂഷിത പോരാട്ടങ്ങള്‍ക്കൊടുവില്‍ പുറത്താക്കിയ ലിബിയന്‍ മുന്‍ ഏകാധിപതി മുഹമ്മദ് ഗദ്ദാഫിയുടെ ഭരണകാലത്തുള്ള അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്തമല്ല. തങ്ങള്‍ വിപ്ലവകാരികളാണെന്ന് പറയുന്ന പ്രതിഷേധക്കാര്‍ ഗദ്ദാഫി അനുയായികളെ സഭയില്‍ നിന്നും പുറത്താക്കുന്നതുവരെ ഉപരോധം തുടരുമെന്നും അറിയിച്ചു.30 അംഗ ലിബിയന്‍ മന്ത്രിസഭയില്‍ വിദേശമന്ത്രി അലി അല്‍ അലൗജ് മതകാര്യവകുപ്പ് മന്ത്രി എന്നിവര്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. പ്രതിഷേധപ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രതിനിധികള്‍ക്ക് നേരെയും അക്രമം ഉണ്ടായി. കിഴക്ക് പടിഞ്ഞാറ് മേഖലകളില്‍ നിന്നുള്ള വരാണ് പ്രതിഷേധക്കാരിലേറെയും.
അപരിചിതരെയും അനഭിമതരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ് മുന്‍ ലിബിയന്‍ പ്രധാനമന്ത്രി മുസ്തഫ അബുഷക്കൂറിനെ പുറത്താക്കിയത്. എട്ട് മാസം നീണ്ട് നിന്ന രക്തരൂഷിത പോരാട്ടത്തിനൊടുവില്‍ ലിബിയ ഗദ്ദാഫിയുടെ ഏകാധിപത്യത്തില്‍ നിന്നും മോചിതമായെങ്കിലും രാജ്യം കടുത്ത അരാജകത്വത്തിന്റെ പിടിയിലാണ്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളുടെ നിയന്ത്രണം വ്യത്യസ്ത സായുധ വിഭാഗങ്ങളുടെ കൈകളിലാണ്. സമാന്തര ഭരണവും വിചാരണയും ശിക്ഷയുമെല്ലാം നടത്തുന്ന ഈ വിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു. ഈ വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ പാര്‍ലമെന്റിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: