കൊല്ലം: അഷ്ടമുടി കായലിലെ ജലകണങ്ങളെ വെള്ളിയണിയിച്ച് രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ജവഹര്‍ തായങ്കരി ജലരാജാവായി. മെയ്‌ക്കരുത്തിന്റെയും ഒത്തൊരുമയുടെയും കടുത്ത പോരാട്ടത്തിനാണ് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം സാക്ഷ്യം വഹിച്ചത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ ജവഹര്‍ തായങ്കരിയുടെ നേട്ടം കാണികളെ ആവേശഭരിതരാക്കി.
കരുനാഗപ്പള്ളി കന്നേറ്റി ടീമിലം റഹ്മത്തുള്ളയായിരുന്നു തായങ്കരിയുടെ ക്യാപ്ടന്‍. കുമരകം ബോട്ട്ക്ലബ്ബിന്റെ ശ്രീഗണേശിനെ തുഴപ്പാടുകളുടെ വ്യത്യാസത്തിലാണ് അവസാന പോരാട്ടത്തില്‍ ജവഹര്‍ തായങ്കരി തറപറ്റിച്ചത്.
രണ്ടാംസ്ഥാനം നേടിയ ശ്രീഗണേഷ് ചുണ്ടനെ നയിച്ചത് അരുണ്‍കുമാറാണ്. റെയ്സന്‍ വര്‍ഗീസ് ക്യാപ്ടറായ കരുനാഗപ്പള്ളി വിക്ടറി ബോട്ട്ക്ലബ്ബിന്റെ ദേവസ്യ മൂന്നാം സ്ഥാനം നേടി. പതിനെട്ട് ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത മത്സരത്തില്‍ തെക്കനോടി വനിതാവിഭാഗത്തില്‍ ദേവസ്യയും ചുരുളന്‍ വിഭാഗത്തില്‍ വേനങ്ങാടനും ഗ്രേഡ് വെപ്പ് ബിയില്‍ ഡല്‍ഹിയും ഇരുട്ടുകുത്തി ബി വിഭാഗത്തില്‍ സെന്റ് സെബാസ്റ്റ്യനും ജേതാക്കളായി.
അഷ്ടമുടിക്കായലിന്റെ ഇരുകരകളിലുമായി സജ്ജീകരിച്ച വിവിധ പവലിയനുകളില്‍ ആയിരക്കണക്കിന് കാണികളാണ് മത്സരം വീക്ഷിക്കാനെത്തിയത്. മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് രാജ്യാന്തര ടെന്നീസ് താരം സാനിയ മിര്‍സയാണ്. സാനിയ മിര്‍സയെ ഒരുനോക്കു കാണാന്‍ ആയിരക്കണക്കിന് ആരാധകരും എത്തിച്ചേര്‍ന്നിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് മാതാവ് നസീമയോടൊപ്പം സാനിയ ഡിടിപിസിക്ക് സമീപമുള്ള പ്രധാന പവലിയനിലേക്ക് എത്തിയത്.
ജില്ല കളക്ടര്‍ പി.ജി. തോമസും എംപി എന്‍. പീതാംബരകുറുപ്പും സാനിയയെ വരവേറ്റു. ജലോത്സവത്തില്‍ സാനിയ മിര്‍സയുടെ സാന്നിധ്യം രണ്ടുമണിക്കൂര്‍ മാത്രമേ നീണ്ടുള്ളു. കൊല്ല ത്ത് ആദ്യമായാണ് താനെത്തുന്നതെന്നും അവധിയുടെ അന്തരീക്ഷമാണ് തനിക്ക് ലഭിച്ചതെന്നും സാനിയ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് രണ്ട് തവണ വന്നിട്ടുണ്ട്. അഷ്ടമുടിക്കായലിന്റെ ഭംഗി തനിക്കിഷ്ടപ്പെട്ടു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരിലുള്ള ജലോത്സവത്തില്‍ എത്താനായതില്‍ അഭിമാനമുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് തുഴക്കാരെ അഭിവാദ്യം ചെയ്തു. മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷനായിരുന്നു.
മന്ത്രി അടൂര്‍ പ്രകാശ്, എന്‍. പീതാംബരകുറുപ്പ് എംപി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മേയര്‍ പ്രസന്ന ഏണസ്റ്റ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക