കൊട്ടാരക്കര: പുത്തൂര്‍ പടിഞ്ഞാറെ ചന്തമുക്കിലുള്ള കിണറ്റില്‍ നിന്നും അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.
യുവതിയുടെ തലയോട്ടിയും മറ്റ് ഭാഗങ്ങളുമാണ് കിണറ്റില്‍ നിന്ന് ലഭിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കാണാതായ യുവതികളെപ്പറ്റിയുള്ള വിവരങ്ങള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് പോലീസ് ശേഖരിച്ച് തുടങ്ങി.
കിണറ്റില്‍ നിന്നും ലഭിച്ച സിംകാര്‍ഡിന്റെ ഉടമയായ കുളത്തൂപ്പുഴ സ്വദേശി സുനിലിനെ തേടി നടന്ന പോലീസിന് നിരാശയായിരുന്നു ഫലം. ഇയാളെ കഴിഞ്ഞ കുറേനാളായി കാണാറില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
2010 ആഗസ്റ്റ് മുതല്‍ ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസിന് പരാതിയും നല്കി. ബന്ധുക്കളോട് വിവരങ്ങള്‍ ചോദിച്ചതില്‍ നിന്ന് ഇയാള്‍ക്ക് പാമ്പിന്‍വിഷം ശേഖരിക്കലും വനവിഭവങ്ങള്‍ ശേഖരിക്കലും ആയിരുന്നു ജോലിയെന്നും ഇയാളെ 2010 മുതല്‍ കാണാനില്ലെന്നും ആണ് ബന്ധുക്കള്‍ പറയുന്നത്. അലഞ്ഞ് തിരിയുന്ന സ്വഭാവമായതുകൊണ്ട് ഇയാളുടെ തിരോധാനം ബന്ധുക്കള്‍ കാര്യമായെടുത്തില്ല.
താമസിയാതെ തുമ്പുണ്ടാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന കൊട്ടാരക്കര സിഐ വിജയകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: