ന്യൂദല്‍ഹി: ഫരൂഖാബാദില്‍ അരവിന്ദ് കേജ് രിവാളിന്റെ സംഘവും കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടി. വിവാദ ട്രസ്റ്റ് വിഷയത്തില്‍ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ കേജ്രിവാള് സംഘം ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് മുമ്പായിരുന്നു സംഭവം. റാലി നടക്കുന്ന വേദിക്ക് സമീപമാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഘര്‍ഷം അരങ്ങേറിയത്. റാലി സംഘടിപ്പിച്ചിരുന്ന സ്ഥലത്തേക്ക് കേജ്രിവാള് എത്തിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞു. സല്മാന് ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ് നടത്തുന്ന സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റിന്തിരെ കേജ്രിവാള് നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഖുര്‍ഷിദിന്റെ മണ്ഡലമായ ഫരൂഖാബാദിലേക്ക് പ്രതിഷേധം മാറ്റുമെന്നും കേജ്രിവാള് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഫരൂഖാബാദില്‍ കനത്ത സുരക്ഷയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.
ലോക്കല്‍ പോലീസിനെ സഹായിക്കാന്‍ ആഗ്രയില്‍ നിന്നുള്ള പോലീസ് സംഘവും ഫരൂഖാബാദില്‍ എത്തിയിരുന്നു. ഫരൂബാദില് കാല് കുത്തിയാല്‍ തിരികെ പോകില്ലെന്ന് നേരത്തെ ഖുര്‍ഷിദ് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയെത്തുടര്‍ന്ന് കേജ്രിവാളിന്റെ സുരക്ഷക്കായി ഭാരതീയ കിസാന്‍ യൂണിയന്റെ 1400 പേര് അടങ്ങിയ കര്‍ഷക സംഘവും സുസജ്ജരായി എത്തിയിരുന്നു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വികലാംഗനായ ഒരാളെ തെരഞ്ഞെടുക്കണമെന്നും കേജ്രിവാള് ജനങ്ങളോട് ആഹ്വാനം ചെയ്തു. ട്രസ്റ്റിന്റെ മറവില്‍ കോടികള്‍ സമ്പാദിച്ച ഖുര്‍ഷിദിനും ഭാര്യക്കും ഇതിലൂടെ മറുപടി നല്‍കണമെന്നും കേജ്രിവാള് പറഞ്ഞു. ഫറൂഖാബാദില്‍ സംഘടിപ്പിച്ച റാലി ഖുര്‍ഷിദിനെതിരെ മാത്രമല്ല മറിച്ച് കോണ്‍ഗ്രസിനെതിരെയാണെന്നും കേജ്രിവാള് പറഞ്ഞു. തനിക്കെതിരെ എന്തൊക്കെ നടപടിയെടുത്താലും ഖുര്‍ഷിദിനെതിരായ പോരാട്ടം തുടരുമെന്നും കേജ്രിവാള് പറഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ 200 ലധികം വികലാംഗര്‍ വേദിയിലെത്തിയിരുന്നു. ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. ഖുര്‍ഷിദ് ആരെ വെച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാലും അത് ചെയ്തോളൂ അത് ഞങ്ങള്‍ തടയുമെന്നും കേജ്രിവാള് റാലിയെ അഭിസംബോധനചെയ്തുകൊണ്ട് പറഞ്ഞു.ട്രസ്റ്റിന്റെ പേരില്‍ കോടികള്‍ സമ്പാദിച്ച ഖുര്‍ഷിദിനെതിരെ വ്യക്തമായ തെളിവ് തന്റെ കൈവശമുണ്ടെന്നും കേജ്രിവാള് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യതാല്പ്പര്യത്തിനനുസരിച്ച് വേണം പ്രവര്‍ത്തിക്കാനെന്നും കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: