മരട്: മരടിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തി മോഷണശ്രമം നടത്തിയവരെക്കുറിച്ച് തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സുപ്രീംകോടതി അഭിഭാഷകന് പി.എസ്. വൈദ്യനാഥന്റെ മരട് നഗരസഭയിലെ ശങ്കര്‍നഗര്‍ 26-ാം നമ്പര്‍ വീട്ടില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്. മോഷ്ടാക്കള്‍ വീടിന്റെ അകത്ത് കടന്നെങ്കിലും വിലപിടിപ്പുള്ള ഒന്നും സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് വെറുംകയ്യോടെയാണ് മടങ്ങേണ്ടിവന്നത്. കൊലപാതകവും മോഷണശ്രമവും നടന്നതായി വിവരം ലഭിച്ച വീട്ടുടമയായ അഡ്വ. സി.എസ്. വൈദ്യനാഥന് ഇന്നലെ മരടിലെ വീട്ടിലെത്തി.
സംഭവം നടന്ന വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തെളിവുകളുടെയും സൂചനകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം ഉൗര്ജിതമാക്കിയിട്ടുണ്ടെന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ ബിജു അലക്സാണ്ടര്‍ പറഞ്ഞു. എറണാകുളം സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വേണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അഞ്ചുമാസം മുമ്പ് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ സമാനസ്വഭാവത്തിലുള്ള ഒരു കൊലപാതകവും മോഷണശ്രമവും നടന്നിരുന്നു. നേപ്പാള്‍ സ്വദേശികളായ നാലുപേരുടെ സംഘമായിരുന്നു കൃത്യത്തിന് പിന്നിലുണ്ടായിരുന്നത്. അതില്‍ രണ്ടുപേര്‍ പിന്നീട് പോലീസ് പിടിയിലായി. കൂട്ടാളികളായ മറ്റ് രണ്ടുപേരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അടുത്തിടെ മരട് പ്രദേശത്ത് സെക്യൂരിറ്റിക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ തുച്ഛമായ മാസശമ്പളത്തിന് ജോലി നോക്കുന്നവരാണ് ജീവന് നഷ്ടപ്പെടുന്നവരില്‍ ഏറെയും. കുണ്ടന്നൂരിന് സമീപത്തായി സ്വകാര്യ ഗോഡൗണില്‍ കാവല്‍ നിന്നിരുന്ന കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ വാട്ടര്‍ടാങ്കിലായിരുന്നു മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ കുത്തേറ്റ്മരിച്ച നിലയിലും ഒരു കാവല്‍ക്കാരന്റെ മൃതദേഹം കാണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: