കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം പഞ്ചായത്തിലാണ് അതിപുരാതനമായ കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം. കളരി വാതുക്കല്‍ ഭഗവതിയുടെ തിരുമുടി ഉയരുന്നതോടെ ഉത്തരകേരളത്തിലെ ഒരു വര്‍ഷത്തെ കളിയാട്ടങ്ങള്‍ക്ക് തിരശ്ശീല വീഴുമെന്ന് പഴമ. ഇതൊരു അപൂര്‍വക്ഷേത്രമാണ്. ഇവിടെ കൊടിമരമില്ല.
ശിവന്‍ കിഴക്കോട്ടും ഭദ്രകാളി പടിഞ്ഞാറോട്ടുമായി ശ്രീകോവിലില്‍ ദര്‍ശനമേകുന്നു. ഭഗവതിക്ക് വലിയ ദാരുശില്‍പ്പമാണ്. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്ന് ഐതിഹ്യം. കൂടാതെ സപ്തമാതൃക്കളുടേയും വേതാളത്തിന്റേയും പ്രതിഷ്ഠകള്‍. അഞ്ച് പൂജ. മധുമാംസ നേദ്യമുള്ള പിടാരപൂജയാണ് ഇവിടെ. കോഴിക്കലശ്ശം പ്രധാന വഴിപാടാണ്. ക്ഷേത്രത്തിന് വടക്ക് വശത്തുകൂടി പ്രദക്ഷിണം പാടില്ലാഎന്നൊരു പ്രത്യേകതയും ഇവിടെ ഉണ്ട്. ഗുരുതി വടക്കുവശത്തായതിനാലാണ് വടക്കേവാതില്‍ മുറിച്ചുകടക്കരുതെന്ന് ഈ നിബന്ധനയുണ്ടാകാന്‍ കാരണം.
തുലാം സംക്രമം മുതല്‍ പതിമൂന്നുവരെ കളത്തലരിപ്പാട്ടുണ്ട്. വൃശ്ചികസംക്രമത്തിന് മുപ്പതുദിവസവും പാട്ട്. മീനമാസത്തിലെ കാര്‍ത്തികമുതല്‍ പൂരം വരെ ഉത്സവം. തിടമ്പെഴുന്നെള്ളിപ്പാണ് ഇതില്‍ പ്രധാന ചടങ്ങ്. പത്തുദിവസം ഈ എഴുന്നെള്ളത്ത് ഉണ്ടാകും. ഒന്നാം തീയതി മുതല്‍ ആറാം തീയതിവരെ ഓരോ ദിവസവും രാത്രി വളപട്ടണം കോട്ടയില്‍ തിടമ്പെഴുന്നെള്ളത്ത്. ഏഴാം ദിവസം എഴുന്നെള്ളത്ത് ചിറയ്‌ക്കല്‍ ശിവേശ്വരം ക്ഷേത്രത്തിലേയ്‌ക്കാണ്. എട്ടാം ദിവസം കോട്ട അയപ്പിക്കല്‍. ഒന്‍പതാം ദിവസം രാവിലെ ശ്രീ മൊളോളം ശിവക്ഷേത്രത്തിലേയ്‌ക്ക് തിടമ്പെഴുന്നെള്ളത്തു നടക്കും. അതിന് ശേഷം പൂരം കളിയുണ്ടാകും. പത്താം ദിവസം പുലര്‍ച്ചെ കരടി കളിയോടുകൂടി ആറാട്ട് എഴുന്നെള്ളത്താണ്.
ഇടവസംക്രമം മുതലാണ് പ്രസിദ്ധമായ കളിയാട്ടം നടക്കുന്നത്. കോലത്തുനാടിന്റെ സംസ്കാരത്തനിമയുടെ പ്രകാശനമായ കളിയാട്ടമാണിത്. ഇതിന് ഏഴുദേശങ്ങളില്‍ നിന്നും കലശ്ശത്തട്ട് എത്തും. കളിയാട്ടത്തിന് ഏഴ് മുടികളും ഉണ്ടാകും. അതിലൊന്ന് വലുത്. ഏഴുകമുകളില്‍ തീര്‍ത്ത പതിനഞ്ചുമീറ്റര്‍ ഉയരവും നാലുമീറ്റര്‍ വീതിയുമുള്ള മുടി. ഈ നീളന്‍ മുടി വയ്‌ക്കുന്ന തെയ്യക്കോലം വിസ്മയംതന്നെ. തെയ്യങ്ങളുടെ ഏറ്റവും വലിയ മുടിയാണിത്. വൈകുന്നേരം അഞ്ചുമണിയോടെ നൂറുകണക്കിനാളുകള്‍ ചേര്‍ന്നാണിത് ക്ഷേത്രനടയിലെത്തിക്കുക. പിന്നെ കോലക്കാരന്റെ ശിരസ്സിലേറ്റും. ഭഗവതിയും മക്കളും ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ ഉറഞ്ഞാടും. കോലത്തുനാട്ടിലെ പ്രസിദ്ധ കളരിയായിരുന്ന വാളേര്‍ക്കളരി ഈ ക്ഷേത്രവാതുക്കലായിരുന്നു. അതുകൊണ്ടാണ് ഇവിടം കളരി വാതുക്കലായത്.ആയിരം നായന്മാരുടെ കളിരയെന്ന് പേര് കേട്ട ഈ കളരിയുടെ പരദേവതയായിരുന്നു കളരിവാതുക്കല്‍ ഭഗവതി എന്ന് പുരാവൃത്തം. കളരി പ്പയറ്റ് കഴിഞ്ഞാല്‍ തിരുമുടിയിറക്കും. അതോടെ ബന്ധപ്പെട്ട അവകാശികള്‍ കലശം നിറച്ച തട്ടും ചുമന്ന് ക്ഷേത്രത്തിന് വെളിയിലേയ്‌ക്ക് പോകും. തുടര്‍ന്ന് ഭക്തര്‍ക്കിടയില്‍ ഭഗവതിക്ക് ചാര്‍ത്തിയിരുന്ന പൂക്കള്‍ വിതറുന്നത് കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ്.
പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: