റാഞ്ചി: മാവോയിസ്റ്റ് പ്രവര്‍ത്തകരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് മാവോ നേതാക്കള്‍ നിഷേധിച്ചു. കുടുംബവുമായി കൂടുതല്‍ അടുപ്പം ഉണ്ടാകാതിരിക്കുന്നതിന്റെ ഭാഗമായാണ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ കീഴടങ്ങിയ മാവോയിസ്റ്റുകളെ ശസ്ത്രക്രിയ നടത്തി കുടുംബജീവിതത്തിലേക്ക് തിരികെ വരാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനവും മാവോ നേതാക്കള്‍ തള്ളി.
നിര്‍ബന്ധിത വന്ധ്യംകരണമോ തിരിച്ചുള്ള ശസ്ത്രക്രിയയോ വ്യക്തികളുടെ സ്വകാര്യ അവകാശങ്ങളാണെന്നും തങ്ങള്‍ക്കിടയില്‍ ഇത്തരം നടപടികള്‍ നടക്കുന്നില്ലെന്നും മാവോനേതാക്കള് പറഞ്ഞു. ജാതിമാറിയുള്ള വിവാഹം ഉള്‍പ്പെടെയുള്ളവ തങ്ങള്‍ പിന്തുണയ്ക്കാറുണ്ടെന്നും വനിതാപ്രവര്‍ത്തകര്‍ക്ക് പ്രസവാവധി അനുവദിക്കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. കുടുംബജീവിതത്തില്‍ നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരെ തടയുന്ന പ്രശ്നമേയില്ലെന്നും മാവോ വക്താവ് പറഞ്ഞു. ഗ്രാമീണരുമായി സഹകരിച്ചാണ് മാവോവാദികളുടെ പ്രവര്‍ത്തനം. നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ളവ ഗ്രാമീണര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കും. നേതാക്കളില്‍ ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം വന്ധ്യംകരണത്തിന് വിധേയരായിട്ടുണ്ട്. എന്നാല്‍ അത് സംഘടനയുടെ പൊതുസ്വഭാവമായി കണക്കാക്കരുത്, മാവോ വക്താവ് വിശദീകരിച്ചു.
വിവാഹം കഴിക്കുന്നതില്‍ നിന്ന് തങ്ങളെ സംഘടന ഒരിക്കലും വിലക്കിയിട്ടില്ലെന്ന് സാധാരണ മാവോ പ്രവര്‍ത്തകരും പറഞ്ഞു. ഗ്രാമങ്ങളില്‍ നിന്നാണ് വധുവിനെ കണ്ടെത്തേണ്ടതെന്നും ഇത് ഗ്രാമീണര്‍ക്ക് സംഘടനയോടുള്ള ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ബന്ധിത വന്ധ്യംകരണം മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരത്തിലുള്ള നടപടികള്‍ അനുവദിക്കരുതെന്നും ഝാര്‍ഖണ്ഡിലെ ഡെമോക്രാറ്റിക് റൈറ്റ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘടന വിട്ട മാവോപ്രവര്ത്തകര്ക്ക് ആവശ്യമായ വൈദ്യസഹായം നല്കാന് ഝാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. വന്ധ്യംകരണത്തിന് വിധേയരായവര്‍ക്ക് കുടുംബജീവിതത്തിലേക്ക് തിരികെ വരാനാവശ്യമായ വൈദ്യസഹായം നല്‍കണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: