ന്യൂദല്‍ഹി: 2017 മാര്‍ച്ചോടെ രാജ്യത്തെ ധനകമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ധനകാര്യ മന്ത്രി പി.ചിദംബരം വ്യക്തമാക്കി. സാമ്പത്തിക പരിഷ്കരണ നടപടികളിലെ അഭാവം കാരണം ഏകദേശം മൂന്ന് വര്‍ഷത്തിനടുത്തായി നിക്ഷേപത്തിലും സാമ്പത്തിക വളര്‍ച്ചയിലും ഇടിവുണ്ടായി. എന്നാല്‍ വളര്‍ച്ച ത്വരിത ഗതിയിലാക്കുന്നതിനായി പരിഷ്കരണങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഉയരുന്ന ധനകമ്മി കുറയ്ക്കുന്നതിന് വിജയ് ഖേല്‍ക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിക്ഷേപകരുടെ ആത്മ വിശ്വാസം വര്‍ധിക്കുന്നതോടെ സാമ്പത്തിക രംഗം ഉയര്‍ന്ന നിക്ഷേപത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ഉയര്‍ന്ന വളര്‍ച്ച, താഴ്ന്ന പണപ്പെരുപ്പം, ദീര്‍ഘകാല സുസ്ഥിരത തുടങ്ങിയ ഉണ്ടാകുമെന്നും ചിദംബരം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്നാണ് പ്രഖ്യാപിക്കുക. അതിന് തൊട്ടുമുമ്പാണ് ചിദംബരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആര്‍ബിഐ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു കഴിഞ്ഞ വെള്ളിയാഴ്ച ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയുടെ ധനകമ്മി കഴിഞ്ഞ വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.8 ശതമാനമായിരുന്നു. 2007-08 ല്‍ ഇത് 3.5 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 6.1 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേ സമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളര്‍ച്ചാ അനുമാനം വിവിധ റേറ്റിംഗ് ഏജന്‍സികള്‍ കുറച്ചിരിക്കുകയാണ്. 2012 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനംനേരത്തെ കണക്കാക്കിയിരുന്ന 6.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായിട്ടാണ് അന്താരാഷ്ട്ര നാണ്യ നിധി കുറച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടിയും സ്പെക്ട്രം ലേലത്തിലൂടെ 40,000 കോടി രൂപയും സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം അഭിപ്രായപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 5.3 ശതമാനമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ചിദംബരം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെലവ് നിയന്ത്രിക്കുന്നത് കര്‍ശനമാക്കിയാല്‍ ധനക്കമ്മി കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധനക്കമ്മി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വന്‍തോതില്‍ സബ്സിഡികള്‍ വെട്ടിക്കുറയക്കുകയുണ്ടായി.
നടപ്പ് സാമ്പത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി 3.7 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: