കോതമംഗലം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തെയും ഭൂരിപക്ഷ സമുദായ ഐക്യത്തെയും തകര്‍ക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി ശ്രമിച്ചാലും അവരെ പാഠം പഠിപ്പിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് കോതമംഗലം താലൂക്ക് യൂണിയന് രജതജൂബിലിയാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ അനീതിക്കെതിരെ എന്‍എസ്എസ് എന്നും പോരാടിയിട്ടുണ്ട്, അത് തുടരുകതന്നെ ചെയ്യും. എന്‍എസ്എസിന്റെ നിലപാടുകള്‍ എന്തൊക്കെ എതിര്‍പ്പിനെ നേരിടേണ്ടി വന്നാലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സമദൂരത്തില്‍നിന്ന് ശരിദൂരത്തിലേക്കുള്ള നിലപാട് മാറ്റം അനിവാര്യമായിരുന്നു. ഇതര മതവിഭാഗങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള എന്‍എസ്എസിന്റെ പ്രവര്‍ത്തനം മാതൃകാപരമായിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷ ജനതയെ അവഗണിച്ച് ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന ഇരുമുന്നണികളുടെയും നയത്തെ എന്‍എസ്എസ് എതിര്‍ക്കും. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഭൂരിപക്ഷ സമുദായത്തിന് നീതി കിട്ടിയിട്ടില്ല.
വിദ്യാഭ്യാസവകുപ്പിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കുപോലും കഴിയുന്നില്ല. ഒന്നാം തവണയും രണ്ടാം തവണയും എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യശ്രമം ആവേശമായിരുന്നു. എന്നാല്‍ മൂന്നാംതവണ അതൊരു ആവശ്യമായി കാരണം ഭൂരിപക്ഷസമുദായങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് നീതി നിഷേധിക്കപ്പെടുന്നു, അദ്ദേഹം പറഞ്ഞു. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിന്റെ അടുത്തപടി ചെറുതും വലുതുമായ ഭൂരിപക്ഷ സമുദായങ്ങളെ യോജിപ്പിച്ചുകൊണ്ട് വിശാല ഭൂരിപക്ഷഐക്യം കെട്ടിപ്പെടുക്കുക എന്നതാണ്. ഇത് മറ്റ് ഏതെങ്കിലും മതത്തിനോ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എതിരല്ല എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് മാനേജ്മെന്റായ എന്‍എസ്എസിന്റെ അഭിപ്രായങ്ങള്‍ വിദ്യാഭ്യാസവകുപ്പും സര്‍ക്കാരും പരിഗണിക്കുന്നില്ല.
സാമ്പത്തികരംഗത്തും തൊഴില്‍രംഗത്തും നായര്‍ സമുദായാംഗങ്ങളെ മുന്നില്‍ എത്തിക്കുക എന്നതാണ് എന്‍എസ്എസിന്റെ അടുത്ത ലക്ഷ്യമെന്നും ഈ ലക്ഷ്യത്തിനുവേണ്ടിയാണ് സ്വയംസഹായസംഘങ്ങളും വനിതാസംരംഭങ്ങളും എന്‍എസ്എസ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് വി.ഗോപാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: