കൊച്ചിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന അതിപ്രധാനമായ ദൗത്യമാണ് കൊച്ചി മെട്രോ റെയില്‍ എന്ന പദ്ധതിയ്ക്കുള്ളത്. എന്നാല്‍ ഇന്നത് തനി രാഷ്ട്രീയമായി മാറിയിരിക്കുന്നു എന്നത് കൊച്ചി നിവാസികള്‍ വേദനയോടെയാണ് കാണുന്നത്. 2005 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് കൊച്ചി സര്‍വകലാശാലയേയും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനേയും കൊച്ചി മെട്രോ പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തുവാന്‍ ഏല്‍പ്പിച്ചത്. 2006 ല്‍ ഇഐഎ പഠനം പൂര്‍ത്തിയാക്കി എറണാകുളം ടൗണ്‍ഹാളില്‍ പബ്ലിക് ഹിയറിംഗ് നടന്നു. ഒരു പരിസ്ഥിതി സൗഹൃദ പദ്ധതിയായതുകൊണ്ട് മാത്രമാണ് കൊച്ചിക്കാര്‍ക്കിത് ഇഷ്ടമായത്. പദ്ധതി ഡിഎംആര്‍സി ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് അന്നുതന്നെ ഉറപ്പിച്ച് പറഞ്ഞിരുന്നു. കാരണം മലയാളിയായ ഇ.ശ്രീധരന് ഡിഎംആര്‍സിയുടെ അമരക്കാരനായിരുന്നു. ദല്‍ഹി മെട്രോ, കോംഗ്കണ്‍ റെയില്‍, പാമ്പന്‍ പാലം തുടങ്ങിയ ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കിയുള്ള അനുഭവ സമ്പത്ത്, സമയത്തിന് മുമ്പ് തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കുക, അഴിമതി രഹിതമായ പദ്ധതി നടത്തിപ്പ്, കൃത്യത, കൃത്യനിഷ്ഠ, ശാസ്ത്രീയമായ പദ്ധതി മാനേജ്മെന്റ്, ആഗോളതലത്തിലും രാജ്യത്തിലുമുള്ള ഇ.ശ്രീധരന്റെ പ്രശസ്തി. എല്ലാം കൊച്ചി മെട്രോ പദ്ധതി ശ്രീധരനെ തന്നെ ഏല്‍പ്പിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയേയും കേരള ജനതയേയും പ്രേരിപ്പിച്ചു എന്നതാണ് വാസ്തവം. കൊച്ചിക്കാരെ സംബന്ധിച്ചിടത്തോളം കൊച്ചിയിലൂടെ റോഡ് ബ്ലോക്കില്ലാതെ സഞ്ചരിക്കണം, റോഡപകടങ്ങള്‍ കുറയണം, വായു മലിനീകരണം കുറയണം, നഗരസൗന്ദര്യം വര്‍ധിക്കണം എന്നീ പ്രധാന കാര്യങ്ങള്‍ മെട്രോ റെയില്‍ വരുന്നതോടെ തീരുമെന്ന് വിശ്വസിക്കുന്നു. നൈറ്റ് ഷോപ്പിംഗ്, റോഡുകളുടെ ആയുസ്സ് വര്‍ധന, മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവായിയുള്ള യാത്ര എന്നിവയെല്ലാം ജനങ്ങള്‍ കൊച്ചി മെട്രോ മൂലം ലഭിക്കുന്ന ബോണസ്സായി കരുതുന്നു.
മെട്രോ വരുമ്പോള്‍ ബസ്സുകളുടെ മരണപാച്ചിലില്‍ നിന്ന് ഒഴിവായി കിട്ടുകയെന്നത് കൊച്ചി നിവാസികള്‍ക്ക് വലിയ ആശ്വാസമാകും. ഇങ്ങനെ കാര്യങ്ങള്‍ നീങ്ങുമ്പോഴാണ് യുഡിഎഫ് ഭരണം മാറി എല്‍ഡിഎഫ് ഭരണം വരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി പദ്ധതി സമര്‍പ്പിക്കപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ രാഷ്ട്രീയം കളിയ്ക്കാന്‍ തുടങ്ങി. ഇതിനിടെ എംജി റോഡിലെ കച്ചവടക്കാര്‍ മെട്രോ റെയിലിന് ദിശ മാറ്റം വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. മറൈന്‍ ഡ്രൈവ് വഴിയാണെങ്കില്‍ റെയിലിനുവേണ്ട 988തൂണുകളുടെ 20 മീറ്റര്‍ പെയില്‍ എന്നത് 40 മീറ്റര്‍ ആകുമെന്നതിനാലും പ്രോജക്ടിന്റെ ഇഐഎ പൂര്ത്തീകരിച്ചതിനാലും അത് ഉപേക്ഷിക്കപ്പെട്ടു. അപ്പോള്‍ പിന്നെ മെട്രോ നെടുമ്പാശ്ശേരിയിലേയ്ക്കും പദ്ധതി കൊച്ചിയിലേയ്ക്കും നീട്ടണമെന്ന ആവശ്യവുമായി വ്യത്യസ്ത പാര്‍ട്ടികളിലെ രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടുവന്നു. എറണാകുളം പട്ടണത്തിലെ പാര്ട്ടിക്കാര് മെട്രോ നടപ്പായാല്‍ വിഎസ് സര്‍ക്കാരിന് മെയിലേജ് കൂടുമല്ലോ എന്ന കാരണത്താല്‍ മൗനം പാലിച്ചു. അപ്പോഴേയ്ക്കും പാര്‍ട്ടിയില്‍ ശക്തമായ ഗ്രൂപ്പ് യുദ്ധങ്ങള്‍ ആരംഭിച്ചിരുന്നു. ഇടതുപക്ഷം ഭരിച്ചിരുന്ന കൊച്ചി നഗരസഭയും ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ല. മാധവ ഫാര്‍മസി ജംഗ്ഷനിലെ ചില വ്യാപാര സ്ഥാപനങ്ങളുടെ പിടിവലിയില്‍ സര്‍വേ നടപടികള്‍പോലും നിലച്ചു. എംജി റോഡില്‍ ഇരുട്ട് പടരും എന്നുവരെ പ്രചരിപ്പിച്ചു. പദ്ധതി നടക്കില്ലെന്ന് പ്രചാരണത്തിന് ശക്തി കൂടി വന്നു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയുടെ പേരില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചു. അങ്ങനെയാണ് ഡിഎംആര്‍സി അല്ലെങ്കില്‍ പദ്ധതി നടക്കില്ല എന്ന തീരുമാനത്തില്‍ പദ്ധതി പ്രതികൂലികള്‍ എത്തിച്ചേര്‍ന്നത്. പിന്നെ ഡിഎംആര്‍സിയെ പുകച്ചു ചാടിക്കാനും ഇ.ശ്രീധരനെ എങ്ങനെയെങ്കിലും പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമങ്ങള്‍ ആരംഭിച്ചത്.
പദ്ധതി എങ്ങനെയെങ്കിലും വൈകിപ്പിക്കുക, നടപ്പിലാക്കാതിരിക്കുകയെന്നതിന് ആലുവ-എറണാകുളം റൂട്ടിലോടുന്ന ബസ്സുകാര്‍ക്കും താല്‍പ്പര്യമുണ്ടെന്ന ആരോപണവും ഉയര്‍ന്നുവന്നു. ഇക്കാലമത്രയും റോഡിലെ ഗതാഗതക്കുരുക്ക് മൂലം എറണാകുളത്തെ ജനങ്ങള്‍ മണിക്കൂറുകളോളം ബസ്സിനും വാഹനങ്ങളിലുമായി കുടുങ്ങി കിടക്കുന്നു. റോഡ് മാര്‍ഗ്ഗം സമയത്തിന് എത്തേണ്ടിടത്ത് എത്തില്ല എന്ന ചിന്ത ഇന്ന് ജനങ്ങളില്‍ ഉണ്ടായിരിക്കുന്നു. രാഷ്ട്രീയ കളിക്കാന്‍ പറ്റിയ പദ്ധതി മെട്രോ പദ്ധതിയാണെന്ന രാഷ്ട്രീയക്കാരന്റെ തിരിച്ചറിവ് മെട്രോയെ വീണ്ടും വീണ്ടും വൈകിപ്പിക്കുന്നതിനിടയാക്കി. 2006 ല്‍ വെറും 2500 കോടിയില്‍ നടക്കുമായിരുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് പുനക്രമീകരിച്ചു. അടങ്കല്‍ തുക 4500 കോടിയായി. പണി തീരുമ്പോള്‍ 6500 കോടിയാകുമെന്നുവരെ പറഞ്ഞു കേള്‍ക്കുന്നു. ഒരു ദിവസം പണി വൈകിയാല്‍ 40 ലക്ഷം അധിക ചെലവ് വരുമെന്ന് ഡിഎംആര്‍സി വൃത്തങ്ങള്‍ പറയുന്നു. പുതിയ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ കൊച്ചി മെട്രോയുടെ കേന്ദ്ര അനുമതിയുടെ കാര്യത്തില്‍ അല്‍പ്പം വേഗതം വന്നു. 2011 ല്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിലവില്‍ വന്നു. ടോം ജോസ് അതിന്റെ എംഡിയായി. കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വന്തം നിലയില്‍ കെഎംആര്‍ ലീഗ് നടത്താനാകുമെന്ന് എംഡി പ്രഖ്യാപിക്കുന്നു. പണികള്‍ ആഗോള ടെണ്ടര്‍ പ്രകാരം നടക്കുമെന്നും ഡിഎംആര്‍സിയ്ക്ക് ടെണ്ടര്‍ നടപടികളിലൂടെ പിണി പിടിക്കാമെന്നും പ്രസ്താവനകള്‍ വന്നു. ഡിഎംആര്‍സിയെ വേണമെങ്കില്‍ കണ്‍സള്‍ട്ടന്റ് ആക്കാമെന്ന് എംഡി വാര്‍ത്താ മാധ്യമങ്ങളെ അറിയിക്കുന്നു. കണ്‍സള്‍ട്ടന്റിന്റെ റോളില്‍ കൊച്ചി മെട്രോയുമായി സഹകരിക്കുവാന്‍ ഡിഎംആര്‍സിയ്ക്ക് താല്‍പ്പര്യമില്ലെന്ന് ഇ.ശ്രീധരന് തുറന്നടിച്ചു.
ഇതിനോടകം തന്നെ എറണാകുളത്തെ ട്രാഫിക്കിന് തടസ്സമില്ലാതെ നോര്‍ത്ത് ഓവര്‍ബ്രിഡ്ജിന്റെ പണിയും സലിം രാജന് റോഡിന്റെ പണിയും ഡിഎംആര്‍സി ഏറ്റെടുത്തിരുന്നു. നോര്‍ത്ത് പാലം പൊളിച്ചാല്‍ ഉണ്ടാകുന്ന ട്രാഫിക് നിയന്ത്രിക്കുവാന്‍ അനുബന്ധ റോഡുകളുടെ ടാറിംഗ് തുടങ്ങിയ പണികളും ഡിഎംആര്‍സി ചെയ്തു. കെഎംആര്‍എല്‍ ന്റെ എംഡിയുടെ പ്രസ്താവനകള്‍ ദുരുദ്ദേശപരമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിലയിരുത്തി. കമ്മീഷന് പറ്റുവാനുള്ള ശ്രമമാണ് എംഡി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. കെഎംആര്‍എല്‍ ന് കമ്പനി നിയമവും സര്‍ക്കാര്‍ നടപടികളും പാലിക്കേണ്ടതുണ്ടെന്ന് കെഎംആര്‍എല്‍ പ്രസ്താവിച്ചു. കൊച്ചി മെട്രോ ഏറ്റെടുത്താല്‍ മാത്രമേ കേരളത്തില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരം ലഭിക്കുകയുള്ളൂ എന്നും എംഡി പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയില്‍നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കുവാനാണ് കെഎംആര്‍എല്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്ത പരന്നു. 2012 ആഗസ്റ്റ് 14 ന് ടോം ജോസിനെ കെഎംആര്‍എല്‍ എംഡി സ്ഥാനത്തുനിന്ന് മാറ്റി പകരം ഏലിയാസ് ജോര്‍ജ്ജിനെ സര്‍ക്കാര്‍ കെഎംആര്‍എല്ലിന്റെ എംഡിയാക്കി. ഇക്കാലത്ത് ശ്രീധരന് ഡിഎംആര്‍സി ചെയര്മാന് സ്ഥാനം കാലാവധി പൂര്‍ത്തിയാക്കി ഒഴിഞ്ഞു. നഗരവികസന മന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണ കൊച്ചി മെട്രോയുടേയും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റേയും ചെയര്‍മാനായി. ദല്‍ഹിയ്ക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഡിഎംആര്‍സി യോഗം ചേര്‍ന്ന് തീരുമാനിക്കണമെന്ന് തീരുമാനമുണ്ടാക്കി. കേന്ദ്ര വിജിലന്‍സ് കമ്മീഷന് നിര്‍ദ്ദേശപ്രകാരം കണ്‍സള്‍ട്ടന്റിന് തന്നെ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ കൊച്ചി മെട്രോ പണി ഏല്‍പ്പിക്കാനാകില്ലെന്ന് കെഎംആര്‍എല്‍ വാദിച്ചു. ഡിഎംആര്‍സി കൊച്ചി മെട്രോ പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് അല്ലെന്നും പരിസ്ഥിതി ആഘാത പഠനം നടത്തിയെന്ന് മാത്രമേയുള്ളൂ എന്നും ഇ.ശ്രീധരന് മാധ്യമങ്ങളെ അറിയിച്ചു.
സിവിസി നിര്‍ദ്ദേശിച്ചപ്രകാരം ഒരു പൊതുമേഖലസ്ഥാപനം മറ്റൊരു പൊതുമേഖലാ സ്ഥാപനത്തില്‍ ടെണ്ടര്‍ നടപടി ഒഴിവാക്കി പണി ഏറ്റെടുക്കണമെങ്കില്‍ നോമിനേഷന് പ്രക്രിയയിലൂടെ അതിന് തടസ്സമില്ലെന്നും ഡിഎംആര്‍സിയെ കെഎം.ആര്‍എല്ലിന് നോമിനേറ്റ് ചെയ്യാന്‍ പ്രയാസമില്ലെന്നും പിന്നീട് വ്യക്തമായി. അതിനായി കെഎംആര്‍എല്‍ തീരുമാനിച്ചാല്‍ മതിയെന്നുമായി. എന്നാല്‍ ഏറ്റവും ഒടുവില്‍ കൂടിയ കെഎംആര്‍എല്‍ യോഗം തീരുമാനിച്ചത് നോമിനേഷന് മുമ്പായി ഡിഎംആര്‍സി അപേക്ഷ നല്‍കട്ടെയെന്നാണ്. ഇനി ഡിഎംആര്‍സി യോഗം നടക്കുക നവംബര്‍ 27 ന് മാത്രമാണ്. ദല്‍ഹി മെട്രോയുടെ മൂന്നാംഘട്ട പണിയും മെയിന്റനന്സുംമൂലം ഡിഎംആര്‍സിയ്ക്ക് കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുവാന്‍ സമയമില്ലെന്ന് തീരുമാനമാകുമെന്ന് ഏതാണ്ടുറപ്പായി. ശ്രീധരന് ഡിഎംആര്‍സിയുടെ ആരുമല്ലെന്നും ഡിഎംആര്സിയ്ക്കായി കേരള സര്‍ക്കാരിനോട് സംസാരിക്കുവാന്‍ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡിഎംആര്‍സിയ്ക്ക് വേണ്ടി ശ്രീധരന് ഏതെങ്കിലും പണി ഏറ്റെടുത്താല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലെന്ന് പറയാതെ പറയുകയാണ് ഡിഎംആര്‍സി 2012 ആഗസ്റ്റ് 14 ന് ടോം ജോസിനെ കെഎംആര്‍എല്‍ നേതൃത്വ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും അദ്ദേഹം 2012 സപ്തംബര്‍ 16 ന് നഗരവികസന സെക്രട്ടറിയും ഡിഎംആര്‍സി-കെഎംആര്‍എല്‍ ചെയര്‍മാനുമായ സുധീര്‍ കൃഷ്ണയ്ക്ക് കത്തെഴുതിയതിന്റെ ഉള്ളടക്കവും വരാന്‍ പോകുന്ന ഡിഎംആര്‍സി തീരുമാനവും അങ്ങനെ ഒന്നായി മാറുന്നു. കേരളത്തില്‍ എംഎല്‍എമാരും മന്ത്രിമാരും ജനപ്രതിനിധികളും ഒക്കെ ഉണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ മാത്രമാണ് നടപ്പാവുകയെന്നതിന് ഒരു ഉദാഹരണമാണ് ഇത്. മന്ത്രിസഭ ഒട്ടനവധി തവണ തീരുമാനിക്കുകയും ജനങ്ങള്‍ ആഗ്രഹിക്കുകയും അഴിമതി രഹിതമായി നടപ്പാക്കുവാനാകുമെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു പദ്ധതിയാണ് ഉദ്യോഗസ്ഥ പിടിവാശിമൂലം അട്ടിമറിക്കപ്പെടുന്നത്. നിയമനിര്‍മാണ സഭയ്ക്ക് ഇത് ഒരു പാഠമാകണം.
നിയമങ്ങള്‍ ഉണ്ടാക്കുവാന്‍ മാത്രമല്ല ഉദ്യോഗസ്ഥരെക്കൊണ്ട് മനുഷ്യനന്മയ്ക്കായി അത് നടപ്പാക്കുവാന്‍ വേണ്ടി എന്താണ് ചെയ്യുകയെന്ന് കൂടി സര്‍ക്കാര്‍ ചിന്തിക്കണം. നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുക, പദ്ധതിയ്ക്കെതിരായി ലോബി ചെയ്ത് പദ്ധതി പൊളിയ്ക്കുക, ഉദ്യോഗസ്ഥ ദുഷ്പ്രമാണിത്വം നിലനിര്‍ത്തുക, ജനാധിപത്യത്തെ തകര്‍ക്കുക എന്നീ നാലുപരിപാടികളാണ് കൊച്ചി മെട്രോ പദ്ധതിയില്‍നിന്നും ഡിഎംആര്‍സി പിന്മാറുന്നതുകൊണ്ട് സംഭവിക്കുക. ഡിഎംആര്‍സി 2006 ല്‍ ഇഐഎ നടത്തിയ പദ്ധതിയുടെ അനുബന്ധ പണികള്‍ ഏറ്റെടുത്ത് നടപ്പാക്കി വരുന്ന ഒരു പദ്ധതി എമര്‍ജിംഗ് കേരള പദ്ധതികളില്‍ എങ്ങനെ സ്ഥലംപിടിച്ചുവെന്നതും കെഎംആര്‍എല്ലിന്റെ എംഡിയായിരിക്കുമ്പോഴാണ് ടോം ജോസ് നഗരവികസന മന്ത്രാലയത്തിന് കത്തെഴുതിയതെന്ന് ഒരു മന്ത്രി നടത്തിയ നുണ പ്രചാരണവും കൂട്ടി വായിക്കുമ്പോള്‍ ഡിഎംആര്‍സിയെ കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുവാനുള്ള ഒരു ഉന്നതതല ശ്രമം നടന്നിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് ജനങ്ങള്‍ സംശയിക്കുന്നതില്‍ തെറ്റില്ല. ഇതിലെല്ലാം പരിഹാസ്യമായിട്ട് തോന്നിയത് മെട്രോയുടെ പേരിലുള്ള മനുഷ്യമെട്രോ തീര്‍ത്ത എല്‍ഡിഎഫിന്റെ രാഷ്ട്രീയ മുതലെടുപ്പാണ്.
കൊച്ചി മെട്രോയുടെ പദ്ധതി രൂപീകരണം യുഡിഎഫ് ഭരണകാലത്ത് കഴിഞ്ഞതിനുശേഷം അഞ്ചുവര്‍ഷം ഭരിച്ചിട്ടും എല്‍ഡിഎഫ് ഭരിച്ച കൊച്ചി നഗരഭരണമോ കേരളഭരണമോ കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഒന്നും ചെയ്യാതെ മനുഷ്യമെട്രോ തീര്‍ത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ഇടതുപക്ഷം ഒന്നാം യുപിഎയുടെ ഭാഗമായിരുന്ന കാലത്ത് ആസിയാന്‍ കരാറില്‍ ഏര്‍പ്പെടുവാന്‍ ഒത്താശ ചെയ്തതിനുശേഷം ഭരണത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ ആസിയാന്‍ കരാറിനെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് ഈ എല്‍ഡിഎഫ് അപഹാസ്യരായത് നാം കണ്ടതാണ്. ഇനി മനുഷ്യ മെട്രോ കെഎംആര്‍എല്‍ പഴയ എംഡിയ്ക്കെതിരെയാണെങ്കില് ഇതിലും വലിയ കുറ്റം ചെയ്ത എത്ര ഐഎഎസുകാര്‍ വേറെയുണ്ട്. എന്തുകൊണ്ട് അവര്‍ക്കെതിരെ മനുഷ്യ മതില് തീര്‍ക്കുന്നില്ല. സ്വന്തം ജാള്യത മറയ്ക്കാന്‍ മനുഷ്യ മെട്രോയുടെ പേരില്‍ ജനങ്ങളെ തെരുവിലിറക്കിയതിന് എല്‍ഡിഎഫിന് വലിയ ന്യായീകരണമൊന്നുമില്ല. കാരണം ഇപ്പോഴത്തെ സര്‍ക്കാരോ മന്ത്രിമാരോ ഡിഎംആര്സിയെയോ ഇ.ശ്രീധരനെയോ ഒഴിവാക്കുമെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് സര്‍ക്കാരിനെതിരെ എങ്ങനെ പ്രതികരിക്കാനാകും? ഈ രക്തത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ പങ്കാളിത്വമുണ്ട്. കൊച്ചി മെട്രോ കാര്യക്ഷമമായി ഡിഎംആര്‍സിയെ കൊണ്ട് ശ്രീധരന് വഴി നടപ്പാക്കിക്കിട്ടുവാന്‍ ഇരുമുന്നണികളും ഉത്തരവിറക്കി ഡിഎംആര്‍സിയെ കൊണ്ട് നേരത്തെ തന്നെ തീരുമാനം എടുപ്പിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയിരിക്കുന്നത്. അഴിമതിയ്ക്ക് കളമൊരുക്കി കൊച്ചി മെട്രോ പണി നീട്ടിക്കൊണ്ടുപോകുവാനും ഗതാഗതക്കുരുക്കിന് പരിഹാരമില്ലാതെ കൊച്ചിയിലെ ജനങ്ങളെ നടുറോഡില്‍ വാഹനങ്ങളില്‍ തളച്ചിടുന്നതിലും ഇരുമുന്നണികളും വിജയിച്ചിരിക്കുന്നു.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: