കേരളത്തില്‍ നിന്ന് രണ്ടുപേരുള്‍പ്പെടെ 12 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. രണ്ട് കാബിനറ്റ് മന്ത്രിമാരടക്കം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ എണ്ണം ഇതോടെ ആറില്‍ നിന്നും എട്ടായി. ഇതിനുമുമ്പൊരിക്കലും ലഭിക്കാത്ത പ്രാതിനിധ്യം കേരളത്തിന് ലഭിച്ചു എന്നവകാശപ്പെടാം. ഇതുവരെയുള്ള അനുഭവം വച്ചുനോക്കുമ്പോള്‍ മന്ത്രിമാരുടെ എണ്ണം കൂട്ടിയതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയ്ക്കൊന്നും വക നല്‍കുന്നില്ല. ശശിതരൂരും കൊടിക്കുന്നില്‍ സുരേഷുമാണ് ഇപ്പോഴത്തെ മന്ത്രിസഭാ വികസനത്തില്‍ ഇടംപിടിച്ചത്. ശശിതരൂര്‍ നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്നെങ്കിലും ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. ഒരു വര്‍ഷത്തിലധികം മന്ത്രിസഭയില്‍ ഇരുന്നപ്പോള്‍ സംസ്ഥാനത്ത് എടുത്തുപറയത്തക്ക മെച്ചമൊന്നും ഉണ്ടായിട്ടില്ലെങ്കിലും വ്യക്തിപരമായി അദ്ദേഹത്തിന് നേട്ടമുണ്ടായി എന്നാശിക്കാം. കൊടുക്കുന്നില്‍ സുരേഷാകട്ടെ ലോകസഭാംഗം എന്ന നിലയില്‍ മികവുകാട്ടിയ വ്യക്തിപോലുമല്ല.
ഇരുപത്തിരണ്ട് മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. പുതുതായി കുറെപ്പേര് മന്ത്രിയുടെ മേലങ്കിയണിയുമ്പോള്‍ കുറേപ്പേര്‍ക്ക് അത് ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്. പോയമന്ത്രിമാരും വന്ന മന്ത്രിമാരുമല്ല കേന്ദ്രമന്ത്രിസഭയുടെ പ്രതിഛായ സൃഷ്ടിക്കുന്നതിന്റെയും നഷ്ടപ്പെടുത്തുന്നതിന്റെയും ഒന്നാം നമ്പര്‍ ഉത്തരവാദി. അത് പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണ്. പ്രധാനമന്ത്രിയാകട്ടെ ഒരു മാറ്റവുമില്ലാതെ തുടരുകയും ചെയ്യുകയാണ്. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ പലരും അഴിമതി ആരോപണങ്ങളേറ്റ് പുളയുകയാണ്. ചിലര്‍ മന്ത്രിസഭയില്‍ നിന്ന് ഇറങ്ങി ജയിലറകളില്‍ സ്ഥാനം നേടി. മറ്റുചിലര്‍ ആ വഴി നീങ്ങാനുള്ള ഒരുക്കത്തിലുമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയും കെട്ടുനാറിയ ഒരു പ്രധാനമന്ത്രിയും മന്ത്രിസഭയും ഉണ്ടായിട്ടില്ല. ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത കുത്തക മുതലാളിമാര്‍ക്കും അധികാര ദല്ലാളന്മാര്ക്കും വിടുപണി ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ നിലനിര്‍ത്തി ചിലരെ ഇറക്കിയും മറ്റുചിലരെ കയറ്റിയുമുള്ള മന്ത്രിസഭാ വികസനം വൃഥാവ്യായാമം എന്നതിലപ്പുറം ഒന്നുമില്ല.
മന്ത്രിസഭയ്ക്ക് ഊര്ജ്ജസ്വലത സൃഷ്ടിക്കാനാണത്രെ പുനഃസംഘടന കൊണ്ടുദ്ദേശിക്കുന്നത്. മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റിക്കെട്ടിയതുകൊണ്ട് പ്രസവിക്കുമോ എന്ന് ചോദിക്കാറുണ്ട്. ആ ചോദ്യം ഈ മന്ത്രിസഭയ്ക്കും ബാധകമാണ്. ഊര്ജ്ജസ്വലത തലപ്പത്തുനിന്നാണുണ്ടാകേണ്ടത്. ഉറക്കം തൂങ്ങിയായ പ്രധാനമന്ത്രിക്ക് എങ്ങിനെ മന്ത്രിസഭയ്ക്ക് ഊര്ജ്ജസ്വലത സൃഷ്ടിക്കാന്‍ കഴിയും. ഒരു കാര്യത്തില്‍ പ്രധാമന്ത്രിയുടെ ഓഫീസും മന്ത്രിമാരുമെല്ലാം ഊര്‍ജ്ജസ്വലരാണ്. അഴിമതിയുടെ കാര്യത്തിലാണെന്നുമാത്രം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് തുടങ്ങി 2 ജി സ്പെക്ട്രത്തിലൂടെ കടന്ന് ആദര്‍ശ് ഭവനകുംഭകോണംവഴി കല്‍ക്കരി വെട്ടിപ്പിലെത്തി നില്ക്കുമ്പോള് ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. അഴിമതിയുടെ മുടിചൂടാമന്നന്‍ എന്ന പട്ടം കിട്ടി ഇന്ത്യയ്ക്ക്. ആ നാണക്കേടിന്റെ നടുവിലാണ് മന്ത്രിസഭാ പുനഃസംഘടന നടത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ ഘടകകക്ഷികളാണ് പുനസംഘടനക്കാര്യത്തില് സങ്കടപ്പെടുന്നുണ്ടാവുക. ഇനിയൊരു മന്ത്രിസഭാ പുനസംഘടന വരുമ്പോള്‍ മുസ്ലീംലീഗിന്റെ സഹമന്ത്രിക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ല. അഞ്ചാംമന്ത്രിസ്ഥാനവും വിദ്യാഭ്യാസ വകുപ്പിലെ പച്ചവല്ക്കരണവുമടക്കമുള്ള വിവാദങ്ങള്‍ കേരളത്തിലെ ഭരണമുന്നണിയെ നാണക്കേടിലെത്തിച്ചതായിരിക്കാം ലീഗ് മന്ത്രിക്കൊരു സ്ഥാനക്കയറ്റം നല്കുന്നതില് നിന്നും പിന്നോട്ടടിക്കാന്‍ പ്രേരകമായത്. എന്നാല്‍ കേരളകോണ്‍ഗ്രസ് (എം)ന്റെ കാര്യത്തില്‍ എന്തു സംഭവിച്ചു എന്ന ചോദ്യം വരുംദിവസങ്ങളില്‍ ഉയരാതിരിക്കില്ല. കേരളാകോണ്‍ഗ്രസ്സിന് രാജ്യസഭയിലും ലോകസഭയിലുമായി രണ്ട് അംഗങ്ങളുണ്ട്. രണ്ട് അംഗങ്ങളുള്ള ലീഗിന് മന്ത്രിസ്ഥാനം നല്കിയ സ്ഥിതിക്ക് കേരളാ കോണ്‍ഗ്രസ്സും ഒരു മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ആഗ്രഹിച്ചത് കിട്ടിയില്ല. കിട്ടാത്തതിലുള്ള അമര്‍ഷം അവര്‍ പ്രകടിപ്പിക്കാതിരിക്കില്ല.
കേരളത്തില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്ത രണ്ടിലൊരാളായ ശശിതരൂര്‍ പതിവുപോലെ കെപിസിസിയെ അമ്പരപ്പിക്കുകയും അലോസരപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. കെപിസിസിയുടെ ശുപാര്‍ശയില്ലാതെ രാഹുലിന്റെ പിന്തുണയും സോണിയയുടെ നിര്ദ്ദേശവുംകൊണ്ട് വീണ്ടും മന്ത്രിക്കസേര സ്വന്തമാക്കാന്‍ ശശിതരൂരിനായി. ആദ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ തന്റെ മണ്ഡലമായ തിരുവനന്തപുരം നഗരത്തിന് നല്കിയ വാഗ്ദാനത്തിന് കയ്യും കണക്കുമുണ്ടായിരുന്നില്ല. ഒന്നുപോലും പ്രാവര്‍ത്തികമാക്കാന്‍ മന്ത്രി എന്ന നിലയിലോ ലോകസഭാംഗം എന്ന പദവി ഉപയോഗിച്ചോ ചെയ്യാനായില്ല. യുപിഎയ്ക്ക് 16 ലോകസഭാംഗങ്ങളെ സമ്മാനിച്ച കേരളത്തിന്റെ പ്രതീക്ഷ നിറവേറ്റാന്‍ മന്ത്രിമാരുടെ എണ്ണമല്ല ഇഛാശക്തിയാണ് പ്രധാനം. ഒരു ലോകസഭാംഗവുമില്ലാതെ ബിജെപി വികസനത്തിന്റെ പുത്തന്‍ചരിത്രം എഴുതിയിരുന്നു എന്‍ഡിഎ ഭരണകാലത്ത്. കേരളത്തില്‍ മത്സരിച്ചെങ്കിലും തോല്‍വിമാത്രം സമ്മാനമായി ലഭിച്ച ഒ.രാജഗോപാല്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലെത്തി കേരളത്തില്‍ കേന്ദ്രമന്ത്രിയുടെ ശക്തമായ സാന്നിധ്യം അറിയിക്കുകയുണ്ടായി. ഇതുവരെ ആര്മന്ത്രിമാര് യുപിഎയില്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്ക് ഉപകാരമല്ല ഉപദ്രവമാണ് ചെയ്തുകൂട്ടിയത്. രണ്ടുപേര്‍കൂടി മന്ത്രിക്കസേരയിലെത്തിയതുകൊണ്ടും പ്രത്യേകിച്ച് പ്രയോജനം ലഭിക്കുമെന്നും തോന്നുന്നില്ല. കേരളത്തിലെന്നല്ല ഇന്ത്യയ്ക്കാകമാനവും ഇനിയൊരു പുരോഗതിക്ക് മുഖം മിനുക്കല്കൊണ്ട് ഒരു ചുക്കും സംഭവിക്കാനില്ല. മുഖഛായയല്ല, മുഖം തന്നെ മാറുകയാണ് വേണ്ടത്. അതിന് ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞപ്പോഴുള്ള ഈ നാടകം തിരിച്ചറിയുമെന്നെങ്കിലും മനസ്സിലാക്കേണ്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: