തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുലാം ഒമ്പത് മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച സന്ധ്യക്ക് ക്ഷേത്രാങ്കണത്തില്‍ നടന്ന കര്‍പൂരം കത്തിക്കല്‍ ചടങ്ങിന് ഭക്തജനത്തിരക്കേറെ.
ക്ഷേത്രത്തില്‍ കൊല്ലങ്ങള്‍ക്ക്മുമ്പ് നടന്ന തീപിടിത്തത്തില്‍ രക്ഷപ്പെടുത്തിയ പ്രതിഷ്ഠാ വിഗ്രഹം പുത്തന്‍ ബംഗ്ലാവ് പാലസിലേക്ക് മാറ്റുകയും പിന്നീട് മുന്ന് ദിവസങ്ങള്‍ കഴിഞ്ഞ് തുലാം 9ന് ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിച്ച് കൊണ്ടുവരുകയും ചെയ്തതിനെ അനുസ്മരിച്ചാണ് തുലാം ഒമ്പത് മഹോത്സവം നടത്തുന്നത്. അഗ്നിബാധയുണ്ടായതിനാല്‍ ഓര്‍മ്മ പുതുക്കുന്നതിനാല്‍ അമ്പലം കത്തിയ ഉത്സവമെന്നും ഇതറിയപ്പെടുന്നു.
ഉത്സവത്തിന്റെ ഭാഗമായി രാവിലെ തന്ത്രി പുലിയന്നൂര്‍ മുരളി നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പന്തീരടിപൂജയും തുടര്‍ന്ന് 8.30ന് 5 ആനപ്പുറത്ത് പഞ്ചാരിമേളത്തോടെ ശിവേലിയും ഉണ്ടായി.
വൈകിട്ട് 3ന് കനറാബാങ്കിന് സമീപം നിന്നും പഞ്ചവാദ്യം- നാദസ്വരം എന്നിവയോടെ ആനപ്പുറത്ത് കര്‍പ്പൂരം എഴുന്നള്ളിച്ചും ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രത്തില്‍ ദീപാരാധന സമയത്ത് നടപ്പാതയിലും,നടവരികളിലും നിരത്തിയ കര്‍പ്പൂരം ഭക്തജനങ്ങള്‍ ചേര്‍ന്ന് അഗ്നിപകര്‍ന്ന് കത്തിച്ചതോടെ ക്ഷേത്രമാകെ കര്പ്പൂരപുകയില് മുങ്ങിനിന്നത്. തീപിടത്തത്തിന്റെ പ്രതീതിയുണ്ടാക്കി. മേല്‍ശാന്തി ശ്രീനിവാസന് എമ്പ്രാന്തിരി ദീപാരാധന നടത്തി. വൈകീട്ട് തായമ്പക, ബാലിവധം കഥകളി, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: