ജലാന്തര്‍: പ്രശസ്ത ഹാസ്യ നടന് ജസ്പാല്‍ ഭട്ടി വാഹനാപകടത്തില്‍ മരിച്ചു. 57 വയസ്സായിരുന്നു. പഞ്ചാബിലെ നകോദര്‍ പട്ടണത്തില്‍ തന്റെ പുതിയ ചലച്ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച കാര്‍ ഒരു ട്രാക്ടര്‍ ട്രോളിയിലിടിക്കുകയും വഴിയോരത്തെ ഒരു മരത്തില്‍ ഇടിച്ചു കയറുകയുമായിരുന്നു.
അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. അപകട സമയത്ത് ജസ്പാല്‍ ഭട്ടിയുടെ മകന് ജസ്രാജായിരുന്നു വാഹനം ഓടിച്ചിരുന്നത് ജസ്രാജിനും വാഹനത്തില്‍ ഉണ്ടായിരുന്ന ചലച്ചിത്രത്തിലെ നായിക സുരില്‍ ഗൗതമിനും അപകടത്തില്‍ പരുക്കേറ്റു. ഇരുവരേയും ജലാന്തറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ആക്ഷേപഹാസ്യരൂപത്തില് അവതരിപ്പിക്കുന്ന ഫ്ലോപ്പ് ഷോ, ഉള്ട്ടാ പുള്‍ട്ടാ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ഹിന്ദി, പഞ്ചാബി ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. സവിതാ ഭട്ടിയാണ് ഭാര്യ. ജസ്രാജ് ഭട്ടി, റാബിയ ഭട്ടി എന്നിവരാണ് മക്കള്‍.
ഭട്ടിയുടെ പുതിയ ചിത്രമായ പവര്‍കട്ട് വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്. ഭട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും. ചിത്രത്തിന്റെ പ്രചാരണത്തിനായി ഭട്ടി നാല്‍പ്പത് ദിവസം നീക്കി വെച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച ജലാന്തറില്‍ നടക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനത്തോടെ പ്രചാരണ പരിപാടി അവസാനിക്കുമായിരുന്നു. ഭട്ടിയുടെ പുത്രന് ജസ്രാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: