തിരുവഞ്ചൂര്‍: ഫണ്ടിന്റെ അപര്യാപ്തതയെ തുടര്‍ന്ന് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് സ്ഥലമെടുക്കല്‍ പ്രതിസന്ധിയിലേക്ക്. മണര്‍കാട്, പേരൂര്‍, ഏറ്റുമാനൂര്‍ വില്ലേജുകളില്‍പ്പെട്ട ഭൂമി ബൈപ്പാസിനായി ഏറ്റെടുക്കണമെങ്കില്‍ മുപ്പതുകോടിയിലേറെ രൂപാ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ നിലവില്‍ ഭൂമി ഏറ്റെടുക്കുന്നതിന് പത്തുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ മാര്‍ച്ച് 30ന് മുമ്പ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. അടുത്ത മാര്‍ച്ച് എത്താറായിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഘട്ടങ്ങളാക്കാതെ മൂന്നു വില്ലേജിലെയും ഭൂമി ഒന്നിച്ച് ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പേരൂര്‍ വില്ലേജില്‍ എട്ട് സര്‍വ്വേ നമ്പര്‍ ഭൂമിയിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഒന്നാം ഘട്ടമായി മണര്‍കാട് മുതല്‍ തിരുവഞ്ചൂര്‍ പായിപ്രപടി വരെ റോഡു നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി തിരുവഞ്ചൂര്‍ പൂവത്തുംമൂട് പാലം നിര്‍മ്മാണവും പൂര്‍ത്തിയായി. ഈ ബൈപ്പാസിന് ശേഷം നൂറുകണക്കിന് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍പ്പെട്ടതാണ് ബൈപ്പാസ് എന്നതും ശ്രദ്ധേയമാണ്.
കോട്ടയം നഗരത്തിലെയും എംസി റോഡിലേയും ഗതാഗത കുരുക്കഴിക്കാന്‍ ഏറ്റവും വേഗത്തിലും ചെലവു കുറഞ്ഞ മാര്‍ഗമാണ് മണര്‍കാട്-ഏറ്റുമാനൂര്‍-പട്ടിത്താനം ബൈപ്പാസ്. തിരുവല്ല പെരുന്തുരുത്തി വരെ ബൈപ്പാസ് നീട്ടുന്നതോടെ എം.സി റോഡിന് സമാന്തരമായി ഈ പാത പോകുന്നു. കോട്ടയം നഗരത്തില്‍ പ്രവേശിക്കാതെ ഏതു ഭാഗത്തേക്കും യാത്ര ചെയ്യാനും കഴിയുന്നു. സമാന്തര റോഡുകള്‍ ഇല്ലാത്തതാണ് കോട്ടയം നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നത്. മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിനു സമീപം മാത്രമാണ് സ്ഥലം ഏറ്റെടുത്തു വീതികൂട്ടാന്‍ കഴിയാത്തത്. ബാക്കി ഭാഗങ്ങളില്‍ എട്ടുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കൊണ്ടാണ് ഒരു ബൈപ്പാസ് പൂര്‍ത്തിയാകുന്നത്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതും സ്ഥലം എംഎല്‍എ കൂടിയായ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇല്ലാത്തതുമാണ് ഈ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. ഫ്ളെക്സ് ബോര്‍ഡ് വയ്ക്കുന്നതിലും പ്രസ്താവന നല്‍കുന്നതിലും മാത്രമാണ് ഭരണ കക്ഷികളുടെ പ്രാദേശിക നേതൃത്വവും ജനപ്രതിനിധികളും ചെയ്യുന്നത്. ആവശ്യമായ ഇടപെടല്‍ എങ്ങുമില്ലെന്ന വാദവും ശക്തമാണ്.
ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ് ബിജെപി. മുഖ്യമന്ത്രിയെ വഴിയില്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ബിജെപി നേതാക്കളായ പി.എസ്.ചന്ദ്രചൂഢന്, സുനില്‍കുമാര്‍ കീരനാട്ട്, പ്രസാദ് കുന്നുംപുറത്ത്, മനു ഷാജി, വിജയകുമാര്‍ എം.വി. എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: